കല്ലമ്പലം: കിളിമാനൂർ ബ്ലോക്കിലെ ഏറ്റവും വലിയ പഞ്ചായത്തായ നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം അധികൃതരുടെ അവഗണനയിൽ നശിക്കുന്നു. ദിനം പ്രതി നൂറോളം രോഗികൾ ചികിത്സക്കെത്തിയിരുന്ന പ്രാഥമികാരോഗ്യകേന്ദ്രം ഇപ്പോൾ അത്യാസന്ന നിലയിലാണ്.
ഡോക്‌ടർമാർ കൃത്യമായി എത്തുന്നില്ല. മെഡിക്കൽ, പാരാമെഡിക്കൽ, ഹെൽത്ത് ജീവനക്കാരുടെ കൃത്യനിഷ്‌ഠയില്ലായ്മ, നാവായിക്കുളം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ എന്നിവയെല്ലാം ചേർന്നപ്പോൾ ആരോഗ്യ കേന്ദ്രം അനാരോഗ്യ കേന്ദ്രമായി മാറി. ഇതോടെ സാധാരണക്കാരുടെ കാര്യം കഷ്ടത്തിലായി.
പനിയും, ശരീരവേദനകളും മറ്റുമായി വരുന്നവർക്ക് വെറും പാരസെറ്റോമോൾ കൊടുക്കുന്നതാണ് ഇപ്പോഴത്തെ സേവനം. രണ്ടു നിലയുള്ള ആരോഗ്യ കേന്ദ്രത്തിൽ ഒന്നാം നിലയിൽ ഡോക്ടർ, ഫാർമസിസ്റ്റ്, ലാബ്, പാലിയേറ്റീവ് കെയർ ബ്ലോക്കുകൾ പ്രവർത്തിക്കുന്നു. രണ്ടാം നിലയിൽ ഓഫീസും, ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, പബ്ലിക്ക് ഹെൽത്ത് നഴ്സ് എന്നിവരുടെ ഓഫീസുമാണ്.
2017 വരെ മികച്ച നിലയിലായിരുന്നു ആശുപത്രിയുടെ പ്രവർത്തനം. 2018ൽ പഴയ ഡോക്ടർ മാറി പുതിയ ഡോക്ടർ ചാർജ്ജ് എടുത്തതോടെ എല്ലാം താളം തെറ്റി. പ്രതിദിനം 300 ഓളം ഒ.പി രോഗികൾ എത്തുന്ന ആശുപത്രിയിൽ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമാണ് ഡോക്ടർ ഉള്ളത്. അതും ചിലപ്പോൾ മുടങ്ങും. മെഡിക്കൽ ഓഫീസർ ഇല്ലെങ്കിൽ ഹെൽത്ത് സ്റ്റാഫും കൃത്യമായി വരുകയില്ല. ഫാർമസിസ്റ്റ് ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് 24 ആശാവർക്കർമാർ, ലാബ് ടെക്നീഷ്യൻ, ആറ് സബ്‌സെന്ററിലെ നഴ്‌സുമാർ ഉൾപ്പെടെ പി.എച്ച്.സിയിൽ ഏകദേശം 50ഓളം പേരാണുള്ളത്. ഗ്രാമപഞ്ചായത്തിന് കീഴിൽ വരുന്ന ആരോഗ്യകേന്ദ്രം പഞ്ചായത്തിനോട് ചേർന്നാണെങ്കിലും ഭരണ സമിതി ശ്രദ്ധിക്കുന്നില്ല. മരുന്ന് വാങ്ങികൊടുക്കുന്നതിലും പി.എച്ച്.സി പ്രവർത്തനങ്ങൾ മോണിറ്ററിംഗ് നടത്തുന്നതിലും പഞ്ചായത്ത് പരാജയമാണെന്നാണ് പരാതി. നാവായിക്കുളം പി.എച്ച്.സി യുടെ പ്രവർത്തനം പരിതാപകരമായി മുന്നോട്ട് പോകുമ്പോഴും ജനപ്രതിനിധികളും പൊതുപ്രവർത്തകരും തിരിഞ്ഞു നോക്കാതെ നിശ്ശബ്ദത പാലിക്കുകയാണ്.