ആറ്റിങ്ങൽ: എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷിന്റെ വീട് അടിച്ചു തകർത്ത സംഭവത്തിൽ നാല് പേരെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റുചെയ്തു. മേൽതോന്നയ്ക്കൽ പാട്ടത്തിൻകര കുടവൂർ മഹാദേവ ക്ഷേത്രത്തിനു സമീപം ഇടവേലിക്കൽ വീട്ടിൽ നിധീഷ് (26)​,​ വേങ്ങോട് പുന്നശ്ശേരിക്കോണം ദ്വാരക വീട്ടിൽ ഗോകുൽ ചന്ദ്രൻ (19)​,​ മേൽതോന്നയ്ക്കൽ ഇടയാവണം ക്ഷേത്രത്തിനു സമീപം പത്മവിലാസത്തു വീട്ടിൽ മീട്ടു ആർ. പ്രസന്നൻ (24),​ മേൽതോന്നയ്ക്കൽ തേരിക്കട ഷൈജാ ഭവനിൽ മനീഷ് (19)​ എന്നിവരാണ് അറസ്റ്റിലായത്. നാലുപേരും എ.ബി.വി.പിക്കാരാണ്.

24ന് പുലർച്ചെ 2 മണിയോടെ, മുഖംമൂടിവച്ച് വിനീഷിന്റെ കോരാണിയിലെ വീട്ടിലെത്തിയാണ് ആക്രമണം നടത്തിയത്. ബഹളംകേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ അക്രമികൾ രക്ഷപ്പെട്ടു. മുദാക്കൽ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഒ.എസ്. അംബികയുടെയും സി.പി.എം ഇടയ്ക്കോട് എൽ.സി സെക്രട്ടറി വാരിജാക്ഷന്റെയും മകനാണ് വിനീഷ്. സംഭവം നടക്കുമ്പോൾ അച്ഛനും അമ്മയും സഹോദരൻ വിനീതുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർക്ക് ചെറിയ പരിക്കുകൾ പറ്റിയിരുന്നു.

ഇതേദിവസം രാത്രി 11.30 മണിയോടെ എ.ബി.വി.പി ആറ്റിങ്ങൽ മേഖലാ സെക്രട്ടറി ശ്യാം മോഹന്റെ വീടിനു നേരെ ആക്രമണം നടന്നിരുന്നു. ശ്യാം മോഹൻ (24), അമ്മ രാഗിണി (48) എന്നിവർക്ക് സാരമായി പരിക്കേറ്റിരുന്നു. ഇവർ മെഡിക്കൽ കോളേജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇതു സംബന്ധിച്ച് പൊലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റു ചെയ്തിട്ടില്ല.

തോന്നയ്‌ക്കൽ സ്‌കൂളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന തകർക്കങ്ങളും വാക്കേറ്റങ്ങളുമാണ് വീടാക്രമണത്തിൽ കലാശിച്ചത്.

ആറ്റിങ്ങൽ ഡി.വൈ.എസ്.പി പി. അനിൽകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്.എച്ച്.ഒ ഒ.എ. സുനിൽ,​ എസ്.ഐമാരായ തൻസീം,​ സനൽകുമാർ,​ ആർ.എസ്. അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വിനീഷിന്റെ വീട് ആക്രമിച്ചവരെ അറസ്റ്റു ചെയ്തത്.