thozhilaali-samgamam

ശിവഗിരി:വർത്തമാനകാലഘട്ടത്തിൽ സമരം നടത്തുന്ന എല്ലാവർക്കും സ്വന്തം അജൻഡകളുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.


അസമത്വങ്ങൾക്കെതിരെ ആദ്യമായി ശബ്ദമുയർത്തി പോരാടിയ സമരസംഘടനയാണ് യോഗം.തൊഴിലാളി വർഗ്ഗത്തെ ആദ്യമായി സംഘടിപ്പിക്കുന്നത് ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹത്തോടെയാണ്. ശ്രീനാരായണഗുരുദേവ മഹാസമാധി നവതി ആചരണത്തോടനുബന്ധിച്ച് തൊഴിലാളി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി.

ഇപ്പോഴും ഭൂരിപക്ഷം തൊഴിലാളികളും ഈഴവരോ ദളിതരോ ആണ്. രാജ്യത്ത് ഏറെ പുരോഗതി ഉണ്ടായതായി അവകാശപ്പെടുമ്പോഴും തൊഴിലാളി വർഗ്ഗ വിഭാഗത്തിന് യഥാർത്ഥ സ്വാതന്ത്ര്യം ഇനിയും കിട്ടിയിട്ടില്ല.പിന്നാക്കത്തിൽ തന്നെ ഏറെ പിന്നാക്കമാണ് ഈഴവ സമുദായം.

ശ്രീനാരായണ ഗുരുദേവന്റെ ഗൃഹസ്ഥ ശിഷ്യനായിരുന്ന ടി.കെ.മാധവനാണ് കർഷക തൊഴിലാളികളെ ആദ്യമായി സംഘടിപ്പിക്കുന്നത്. ഗുരുദേവന്റെ അനുഗ്രഹത്തോടെ വാടപ്പുറം ബാവ ആലപ്പുഴയിലെ കയർത്തൊഴിലാളികളെയും സംഘടിപ്പിച്ചു.വിപ്ളവപാർട്ടിയും ഗാന്ധിപാർട്ടിയുമൊക്കെ വരുംമുമ്പ് എസ്.എൻ.ഡി.പി യോഗമാണ് കാർഷിക മേഖലയിൽ ആദ്യസമരം സംഘടിപ്പിച്ചത്.കൃഷിഭൂമി കർഷകന് കിട്ടാനും തൊഴിലില്ലായ്മാ വേതനത്തിനും സാമൂഹിക നീതി ഉറപ്പാക്കാൻ ജനസംഖ്യാനുപാതിക സംവരണത്തിനുമെല്ലാം ശക്തമായ സമരങ്ങളാണ് നടത്തിയത്. വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി വൈക്കത്ത് സമരം നടന്നപ്പോൾ, സമരപ്പന്തലിൽ എത്തിയാണ് ഗുരുദേവൻ 1001 രൂപ നൽകിയത്.ശിവഗിരിയിൽ ശാരദാ പ്രതിഷ്ഠ നടത്തിയ ശേഷം ഒരു നെയ്ത്ത് ശാലകൂടി ഗുരു സ്ഥാപിച്ചത് സമുദായാംഗങ്ങൾ സ്വന്തം കാലിൽ നിൽക്കാൻ തൊഴിൽ അഭ്യസിക്കാൻ വേണ്ടിയാണ്.സാമൂഹിക പുരോഗതിക്ക് വേണ്ടി ഇതെല്ലാം ചെയ്തിട്ടും ഇപ്പോഴും ചതിക്കപ്പെട്ട വിഭാഗമായി ഈഴവസമുദായം നിലകൊള്ളുന്നു.പലരും കഥയറിയാതെ ആട്ടം കാണുകയാണ്.

അസംബ്ളിയിൽ സമുദായത്തിനുവേണ്ടി പറയാൻ ആരുമില്ല. പറഞ്ഞാൽ മറ്രുവിഭാഗങ്ങളുടെ വോട്ട് നഷ്ടമാവുമെന്ന ഭയത്താലാണ് ഇത്.ഈഴവസമുദായം വെറും വോട്ടുകുത്തി യന്ത്രങ്ങളായി മാറി.ഇത് മനസിലാക്കാൻ കഴിയണം.അറിവിന്റെയും തിരിച്ചറിവിന്റെയും പാതിയിൽ സ‌ഞ്ചരിക്കാൻ ശ്രീനാരായണീയർ ശ്രമിച്ചെങ്കിലേ ഈഴവ സമുദായത്തിന് പുരോഗതി കൈവരിക്കാൻ സാധിക്കൂ എന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

സ്വാമി ധർമ്മചൈതന്യ അദ്ധ്യക്ഷത വഹിച്ചു.സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.എസ്.എൻ.ഡി.പി യോഗം വനിതാസംഘം പ്രസിഡന്റ് കെ.പി.കൃഷ്ണകുമാരി, സെക്രട്ടറി സംഗീതാ വിശ്വനാഥൻ,വനജാവിദ്യാധരൻ തുടങ്ങിയവർ പങ്കെടുത്തു.ലതീഷ് അടിമാലി സ്വാഗതവും അജി എസ്.ആർ.എം നന്ദിയും പറഞ്ഞു.