പൂവാർ: പൂവാർ കെ.എസ്.ആർ.ടി.സി ഡിപ്പോ പരിമിതികളിൽ വീർപ്പുമുട്ടുന്നു. 1983- ൽ അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന എൻ. സുന്ദരം നാടാർ ഉദ്ഘാടനം ചെയ്ത ഡിപ്പോ വികസനത്തിന്റെ കാര്യത്തിൽ ഇപ്പോഴും പഴയതുതന്നെ. 35 വർഷം പിന്നിടുമ്പോൾ തീരദേശ ഡിപ്പോയായ പൂവാറിൽ വികസനം പേരിന് പോലുമില്ല. ഡിപ്പോയ്ക്ക് ആകെയുണ്ടായിരുന്ന ചുറ്റുമതിൽ ഇടിഞ്ഞുവീണിട്ട് കാലങ്ങളായി. ഇതുവരെ പുനഃസ്ഥാപിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ചുറ്റുമതിൽ ഇല്ലാത്തതിനാൽ ഡിപ്പോയ്ക്ക് പുറകിൽ നടക്കുന്നതൊന്നും ആരും ശ്രദ്ധിക്കാറുമില്ല. ദിവസങ്ങൾക്ക് മുൻപാണ് ഡിപ്പോയിലെ സ്ത്രീകളുടെ ടെയ്ലറ്റ് സാമൂഹിക വിരുദ്ധർ ചവിട്ടിപ്പൊളിച്ചത്. പൈപ്പുകളും ടാപ്പുകളും തല്ലത്തകർത്തു. രാത്രികാലങ്ങളിൽ അക്രമം നടത്തുന്ന ഇവരെ നേരിടാൻ കഴിയില്ലെന്നാണ് സെക്യുരിറ്റി ജീവനക്കാർ പറയുന്നത്. അക്രമം വർദ്ധിച്ചിട്ടും ചുറ്റുമതിൽ കെട്ടുന്നതിനുള്ള നടപടികളൊന്നും ഇതുവരെ നടന്നിട്ടില്ല.
ബസ് സ്റ്റാൻഡ് സ്ഥാപിച്ചത് -- 1983 ൽ
കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചത് -- 2005ൽ
കാത്തിരിപ്പും ദുഷ്ക്കരം
ബസ്റ്റാൻഡിന്റെ തിരക്കിന് അനുസരിച്ചുള്ള കാത്തിരിപ്പ് കേന്ദ്രവും ഇവിടെയില്ല. 2005ൽ എൻ. ശക്തൻ ഗതാഗത മന്ത്രിയായിരുന്ന കാലത്ത് ഉദ്ഘാടനം ചെയ്ത ചെറിയൊരു കാത്തിരിപ്പ് കേന്ദ്രമാണ് ഇപ്പോഴുമുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പത്ത് പേരിൽ കൂടുതൽ ഇവിടെ ഇരിക്കാൻ കഴിയില്ല. ദിവസവും നൂറുകണക്കിന് യാത്രക്കാരാണ് ഇവിടെയെത്തുന്നത്. എന്നാൽ അതിനനുസരിച്ചുള്ള കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.
വെല്ലുവിളിയായി സമാന്തര സർവീസ്
പൂവാർ ഡിപ്പോ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സമാന്തര സർവീസുകളാണ്. പൂവാർ കളിയിക്കവിള റൂട്ടിലും, പൂവാർ കാഞ്ഞിരംകുളം ബാലരാമപുരം തിരുവനന്തപുരം റൂട്ടിലുമാണ് ടെമ്പോ ട്രക്കർ കൂടുതലായി സമാന്തര സർവീസ് നടത്തുന്നത്. അന്യസംസ്ഥാന രജിസ്ട്രേഷനിലുള്ള വാഹനങ്ങൾ പോലും പൂവാർ മേഖലയിൽ സമാന്തര സർവീസ് നടത്തുന്നതായി നാട്ടുകാർ പറയുന്നു. കെ.എസ്.ആർ.ടി.സി ബസ്സിന്റെ മുന്നിലും പിന്നിലുമായി ഇവർ ആളെ കയറ്റി പോകുന്നതിനാൽ പലപ്പോഴും കാലിയായിട്ടാണ് ബസ്സുകൾ തിരിച്ചെത്തുന്നത്. ദിവസം ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം സമാന്തര സർവീസു മൂലം പൂവാർ ഡിപ്പോയ്ക്ക് ഉണ്ടാക്കുന്നുവെന്ന് സ്റ്റേഷൻ മാസ്റ്റർ രാജീവൻ പറയുന്നു.
ഗുണനിലവാരമുള്ള ബസുകളുടെ അപര്യാപ്തതയും മെക്കാനിക്കളുടെ കുറവും കാരണം പലപ്പോഴും കൃത്യമായി സർവീസ് ക്രമീകരിക്കാൻ കഴിയുന്നില്ലന്നും തൊഴിലാളികൾ പറയുന്നു. മാത്രമല്ല, വനിതാ ജീവനക്കാർ ഉൾപ്പടെയുള്ള ജീവനക്കാർക്ക വിശ്രമിക്കാൻ ആവശ്യമിയ വിശ്രമകേന്ദ്രവും ഇവിടെയില്ല. വനിതാ ജീവനക്കാരുടെ എണ്ണം വർദ്ധിച്ചതോടെ വിശ്രമകേന്ദ്രം വേണമെന്ന ആവശ്യവും വർദ്ധിക്കുകയാണ്. എന്നാൽ ഡിപ്പോയുടെ വികസനം മാത്രം എങ്ങുമെത്തുന്നില്ല.