muhammad-eliyas

കല്ലമ്പലം: മികച്ച സംയോജിത കർഷകനുള്ള ആത്മ ജില്ലാതല അവാർഡ് കരവാരം പഞ്ചായത്ത് കൃഷിഭവൻ പരിധിയിലെ പുതുശ്ശേരിമുക്ക് നിവാസി മുഹമ്മദ് ഇല്യാസിന്. തിരുവനന്തപുരത്ത് കളക്ടറേറ്റ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹിദാ ബീഗം അവാർഡ് നൽകി. 25000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാർഡ്.

മുപ്പതുവർഷത്തെ പ്രവാസജീവിതത്തിനു ശേഷം തിരിച്ചെത്തി തന്റെ 75 സെന്റിലെ റബർ മരങ്ങൾ മുറിച്ചുമാറ്റിയാണ് മുഹമ്മദ് ഇല്യാസ് പച്ചക്കറിക്കൃഷി ആരംഭിച്ചത്. തേനീച്ചകൃഷി, മീൻകൃഷി, ആടുവളർത്തൽ, മുട്ടക്കോഴിവളർത്തൽ എന്നിവയും ചെയ്യുന്നുണ്ട്. കരവാരം കൃഷിഭവൻ ഉദ്യോഗസ്ഥരുടെയും ആത്മാ ഫീൽഡ് സ്റ്റാഫിന്റെയും മാർഗനിർദേശങ്ങൾ ഉൾക്കൊണ്ടാണ് കൃഷി നടത്തിയത്. സമീപ പ്രദേശങ്ങളിലെ പച്ചക്കറി മാർക്കറ്റുകളിലും കൃഷിഭവന്റെ ആഴ്ചച്ചന്തയിലും ഇല്യാസിന്റെ ജൈവകൃഷി ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്.