sivagiri-post-office-inag
കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി ശിവഗിരി മഠം പോസ്റ്റ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ ശുചിത്വ സന്ദേശമാണ് കേന്ദ്രസർക്കാർ രാജ്യവ്യാപകമായി നടപ്പാക്കുന്ന 'സ്വച്ഛ് ഭാരത്" പദ്ധതിക്ക് പ്രചോദനമായതെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. സ്വന്തമായി ശൗചാലയമില്ലാത്ത രാജ്യത്തെ ഒമ്പതുകോടി ജനങ്ങൾക്ക് അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ കേന്ദ്രം നടത്തിവരികയാണെന്നും അവർ പറഞ്ഞു. ശ്രീനാരായണ ഗുരുദേവ മഹാസമാധി നവതിയോടനുബന്ധിച്ച് സ്ത്രീസമാജം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ഗുരുദേവന്റെ പ്രഭാവമാണ് നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാവും മുമ്പും അതിന് ശേഷവും ശിവഗിരിയിലേക്ക് ആകർഷിച്ചത്. സമൂഹത്തിനെ പുരോഗതിയിലേക്ക് നയിക്കാൻ ഉതകുന്നതാണ് ശിവഗിരി തീർത്ഥാടനത്തിന് ഗുരുദേവൻ നിർദ്ദേശിച്ച വിഷയങ്ങൾ. നാടിന്റെ വികസനം ലക്ഷ്യമിട്ട് ശാസ്ത്ര സാങ്കേതിക വിദ്യയും അതിലുൾപ്പെടുത്തിയിരുന്നു. നമ്മുടെ നാട്ടിൽ മതവും ശാസ്ത്രവും പരസ്‌പരവിരുദ്ധമായിരുന്നില്ല. അവയെ ഗുരുദേവൻ സമന്വയിപ്പിച്ചു. ഗുരുവിന്റെ ആ ചിന്തയ്‌ക്ക് പ്രസക്തി ഏറുകയാണ്. സ്ത്രീകളുടെ ആരോഗ്യവും ശുചിത്വവുമായി ബന്ധപ്പെട്ടതാണ്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടാണ് മുദ്ര വായ്പാ പദ്ധതി രൂപീകരിച്ചത്. സ്ത്രീകളെ രണ്ടാംകിടക്കാരായി കാണുന്നവരുമുണ്ട്. എന്നാൽ നാടിന്റെ പുരോഗതിക്ക് ഏറെ കാര്യങ്ങൾ ചെയ്യാൻ അവർക്കാകും.

ആദ്ധ്യാത്മികതയുടെ അടിസ്ഥാന ശിലയിൽ നിന്ന് നാടിനെ ശാന്തിയുടെ ശിഖരത്തിലെത്തിച്ച മഹാത്മാവാണ് ഗുരുദേവൻ. സമൂഹത്തിലെ അന്ധകാരം ഇല്ലാതാക്കുന്നതാണ് ഗുരുസന്ദേശം. വികസനമെന്ന അടിസ്ഥാനപരമായ ചിന്ത അദ്ദേഹത്തിന്റെ അചഞ്ചലമായ വിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഗുരുദേവൻ പറഞ്ഞിട്ടുള്ള ഭാര്യാധർമ്മം ഏറെ അർത്ഥവത്താണ്. സ്ത്രീകൾക്ക് കുടുംബജീവിതത്തിൽ വഹിക്കാൻ കഴിയുന്ന പങ്കിനെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. സ്ത്രീയാൽ നയിക്കപ്പെടുന്ന ഒരു സമൂഹം വരേണ്ടതുണ്ട്. പ്രധാനമന്ത്രി അതിനുള്ള കർമ്മപദ്ധതികൾ ആവിഷ്‌ക‌രിക്കുന്നുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു. ശിവഗിരി മഠം പോസ്റ്റ് ഓഫീസിന്റെ ഉദ്ഘാടനവും കേന്ദ്ര മന്ത്രി നിർവഹിച്ചു.