ng

തിരുവനന്തപുരം: തകർന്നു വീഴാറായ പേരൂർക്കട വില്ലേജ് ഓഫീസ് കെട്ടിടത്തിന് പകരം, എൻ.ജി.ഒ യൂണിയന്റെ ചെലവിൽ പുതിയ കെട്ടിടം നിർമിക്കാൻ സർക്കാർ അനുമതി നൽകി. പഴയ കെട്ടിടം നിലനിറുത്തി, ഓഫീസ് വളപ്പിൽ തന്നെ ലഭ്യമായ സ്ഥലത്ത് പുതിയ കെട്ടിടം പണിയാനാണ് അനുമതി. സർക്കാർ നിബന്ധന പ്രകാരമുള്ള 'സ്‌മാർട്ട് വില്ലേജ്' ആണ് പണിയേണ്ടത്. നിർമ്മാണം പൂർത്തീകരിച്ച് കെട്ടിടം സർക്കാരിന് കൈമാറണം. അവിടെ പരസ്യബോർ‌ഡുകളോ കമാനങ്ങളോ സ്ഥാപിക്കാൻ പാടില്ലെന്നും റവന്യൂ അഡി. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്റെ ഉത്തരവിൽ പറയുന്നു.

പേരൂർക്കട വില്ലേജ് ഓഫീസ് കെട്ടിടം ജീർണാവസ്ഥയിലാണെന്നും പുതിയ കെട്ടിടം പണിയാനുള്ള സാമ്പത്തിക ചെലവുകൾ വഹിക്കാമെന്ന് എൻ.ജി.ഒ യൂണിയൻ അറിയിച്ചതായും ലാൻഡ് റവന്യൂ കമ്മിഷണർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇത് പരിഗണിച്ച് ഉപാധികളോടെയാണ് കെട്ടിടം നിർമ്മിക്കാൻ എൻ.ജി.ഒ യൂണിയന് റവന്യൂ വകുപ്പ് അനുമതി നൽകിയത്.

എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയാണ് പേരൂർക്കട വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം പണിയുക. അംഗങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്ന ഫണ്ടിൽ നിന്ന് മിച്ചംപിടിച്ച പണമാണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നതെന്ന് ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി കേരളകൗമുദിയോട് പറഞ്ഞു. ആയിരത്തോളം രൂപ അംഗങ്ങളായ ജീവനക്കാരിൽ നിന്ന് പിരിവെടുക്കുന്നുണ്ട്. ഒന്നരലക്ഷത്തോളം അംഗങ്ങളാണ് എൻ.ജി.ഒ യൂണിയനുള്ളത്. മുൻവർഷങ്ങളിൽ നാടകമത്സരം, സാംസ്‌കാരിക പരിപാടികൾ എന്നിവ നടത്താറുണ്ടായിരുന്നു. ഇക്കൊല്ലം അതെല്ലാം മാറ്റിവച്ചാണ് വില്ലേജ് ഓഫീസ് നിർമ്മാണത്തിന് ഫണ്ട് കണ്ടെത്തിയത്- ടി.സി. മാത്തുക്കുട്ടി പറഞ്ഞു.

പേരൂർക്കടയിൽ മാത്രമാണ് വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 350ഓളം വില്ലേജ് ഓഫീസുകളിൽ അടിസ്ഥാന സൗകര്യമൊരുക്കും. വില്ലേജ് ഓഫീസിലെത്തുന്നവർക്ക് ഇരിപ്പിടങ്ങൾ, ചുറ്റുമതിൽ, ടോക്കൺ സംവിധാനം എന്നിവയാണ് എൻ.ജി.ഒ യൂണിയൻ ഒരുക്കുക. 20 മാസത്തിനുള്ളിൽ 39 വില്ലേജുകൾ സ്‌മാർട്ട് ഓഫീസ് ശൃംഖലയിലേക്ക് മാറ്റാനാണ് റവന്യൂവകുപ്പ് പദ്ധതിയിട്ടിരുന്നത്. ഇതിനായി പദ്ധതിഫണ്ടിൽ 10 കോടി രൂപ മാറ്റിവച്ചിരുന്നു. 2018 മാർച്ചിൽ നിർമ്മാണം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമെങ്കിലും പൂർണമായി വിജയിച്ചിട്ടില്ല.