കല്ലമ്പലം: പള്ളിക്കൽ ജംഗ്ഷനിൽ നിന്ന്‍ പാരിപ്പള്ളിയിലേക്ക് പോകാനായുള്ള ഏക ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നിട്ട് മാസങ്ങളായി. ഇത് പുനർനിർമ്മിക്കണമെന്നാവശ്യം ശക്തമാണ്.അര നൂറ്റാണ്ടിലധികം പഴക്കമുള്ള കാത്തിരിപ്പ് കേന്ദ്രം ചോർന്നൊലിച്ച് ഭിത്തികൾക്ക് വിള്ളൽ സംഭവിച്ച് സിമന്റ് പാളികൾ ഇളകിവീഴുന്ന അവസ്ഥയിലാണ്.യാത്രക്കാരുടെ ദേഹത്ത് സിമന്റ് പാളികൾ ഇളകി വീണ് പരിക്കേറ്റതോടെയാണ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കുള്ള പ്രവേശനം അധികൃതർ നിരോധിക്കുകയും അപകട സൂചനാ ബോർഡ് സ്ഥാപിക്കുകയും ചെയ്തത്.പാരിപ്പള്ളി ഭാഗത്തേക്ക് പോകുന്ന നൂറു കണക്കിന് യാത്രക്കാരാണ് നിത്യേന വെയിലും മഴയുമേറ്റ് റോഡിൽ ബസ് കാത്തു നില്‍ക്കുന്നത്.കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എം.പി,എം.എൽ.എ ഫണ്ടുകളുപയോഗിച്ച് സമീപ പ്രദേശങ്ങളിലെ മറ്റ് നിരവധി കാത്തിരുപ്പ് കേന്ദ്രങ്ങൾ നിർമ്മിച്ചിട്ടും അധികൃതർ പള്ളിക്കലിനെ അവഗണിക്കുകയായിരുന്നു.