പാറശാല: കേരള-തമിഴ്നാട് അതിർത്തി പങ്കിടുന്ന പാറശാല വിദ്യാഭ്യാസ ഉപജില്ലയിലെ 71 വിദ്യാലയങ്ങളിലും 'മലയാളത്തിളക്കം' പദ്ധതി നടപ്പിലാക്കുന്നു.മലയാള ഭാഷയിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ ഭാഷാ മികവിലേക്കുയർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സമഗ്രശിക്ഷയുടെ ഭാഗമായി നടപ്പിലാക്കുന്ന 'മലയാളത്തിളക്കം' മുൻ വർഷങ്ങളിൽ എൽ.പി,യു.പി സ്‌കൂളുകളിൽ നടപ്പിലാക്കിയിരുന്നു. അതിർത്തിയിൽ സാമൂഹിക ഗൃഹാന്തരീക്ഷത്തിലെ വിദ്യാർത്ഥികൾക്ക് മറ്റ് പ്രദേശങ്ങളെ പോലെ മലയാള ഭാഷ കേൾക്കാക്കാനുള്ള അവസരം താരതമ്യേന കുറവായതിനാൽ ഇവിടത്തെ വിദ്യാർത്ഥികൾക്ക് ഭാഷാ പഠനം വെല്ലുവിളിയാണ് . സൗഹൃദാന്തരീക്ഷത്തിൽ സംസാരിക്കുന്നത് തമിഴ് ചുവയുള്ള മലയാളമാണ് .ഇതുതന്നെ വരമൊഴിയാക്കുന്ന പ്രവണതയുമുണ്ട്. ഇത്തരം പരിമിതികൾ മറികടക്കാനാണ് ' മലയാളത്തിളക്കം' പദ്ധതി നടപ്പാക്കുന്നത്.പാറശാല ഉപജില്ലയിലെ അയിര കെ.വി.എച്ച്.എസ്.എസിലും,പാറശാല എൽ.എം.എസ് ഹൈസ്കൂളിലും ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി.പാറശാല,വിരാലി, പൊഴിയൂർ,അമ്പൂരി എന്നീ സ്കൂളുകളിലും പദ്ധതിയുടെ പ്രവർത്തനം തുടങ്ങി.ഉപജില്ലയിലെ15 വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾക്ക് ബി.പി.ഒ എസ്.കൃഷ്ണകുമാർ,പരിശീലകരായ എ.എസ്.മൻസൂർ,ആർ.എസ്.ബൈജുകുമാർ,വിശ്വനാഥൻ,അജികുമാർ,കോർഡിനേറ്റർമാർ എന്നിവർ നേതൃത്വം നൽകും.
അടിസ്ഥാന ഭാഷാശേഷിയിൽ പ്രയാസം നേരിടുന്ന വിദ്യാർത്ഥികളെ പ്രീ - ടെസ്റ്റിലൂടെ കണ്ടെത്തുകയും വായനയിലും എഴുത്തിലും ശേഷികളില്ലാതെ പഠിക്കാൻ കഴിയാതെ വരുന്നവരെ ഭാഷാപഠന പരിപാടിയിലൂടെ മികവിലേക്കുയർത്തുകയുമാണ് ലക്ഷ്യം.ജില്ലാതലത്തിൽ പ്രാവീണ്യം നേടിയ വിദഗ്ദ ടീമംഗങ്ങളുടെ നേതൃത്വത്തിൽ ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും പരിപാടി നടപ്പിലാക്കും.
സംഘങ്ങളായി തിരിച്ച് പരിശീലനം
ഉപജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ 8 മുതൽ10 വരെ ക്ലാസുകളിലെ തെരഞ്ഞെടുത്ത കുട്ടികളെ 20 പേരടങ്ങുന്ന സംഘങ്ങളായി മാറ്റുകയും ഹൈടെക് ക്ലാസ് മുറിയിലെ ദൃശ്യ-ശ്രാവ്യ സംവിധാനങ്ങൾ ഭാഷാ വിനിമയത്തിന് പ്രയോജനപ്പെടുത്തുകയും ചെയ്യും .പരിശീലനത്തിന്റെ മൂന്നാം ദിവസം രക്ഷകർതൃയോഗം വിളിച്ച് കുട്ടി കുട്ടികളുടെ പരിമിതികൾ ബോദ്ധ്യപ്പെടുത്തും.പ്രവർത്തനങ്ങളുടെ ഭാഗമായി ലേഖന പതിപ്പുകളും ചെറുകഥാ പുസ്തകങ്ങളും തയ്യാറാക്കും.ക്ലാസ് മുറികളിലൂടെയുള്ള വായനശാലയുടെ വിനിമയ സാദ്ധ്യതയും പ്രയോജനപ്പെടുത്തും.ഏഴ് ദിവസത്തെ പരിശീലനത്തെ തുടർന്ന് എട്ടാം ദിവസം വിജയോത്സവവും നടത്തും.