ശിവഗിരി: ശ്രീനാരായണഗുരുദേവന്റെ മഹാസമാധി നവതി ആചരണത്തോടനുബന്ധിച്ച് നാളെ നടക്കുന്ന മഹായതിപൂജയിൽ പങ്കെടുക്കാൻ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പണ്ഡിതരും തപസ്വികളുമായ സന്യാസിമാർ ഇന്ന് ശിവഗിരിയിൽ എത്തും. ഹരിദ്വാർ, ഋഷികേശ്, കാശി, ബനാറസ്, തമിഴ്നാട്, കർണ്ണാടക, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളിലെ സന്യാസിമാർക്ക് പുറമെ കേരളത്തിലെ എല്ലാ ആശ്രമങ്ങളിലെയും മഠങ്ങളിലെയും സന്യാസി ശ്രേഷ്ഠരും സംബന്ധിക്കും. എസ്.എൻ.ഡി.പി യോഗവും ധർമ്മസംഘം ട്രസ്റ്റും സംയുക്തമായാണ് ചടങ്ങുകൾ നടത്തുന്നത്.
നാളെ രാവിലെ 9മണിക്ക് മഹായതിപൂജ ചടങ്ങുകൾ ആരംഭിക്കും. സന്യാസിമാരെ ഈശ്വരന്റെ പ്രതിപുരുഷന്മാരായി സങ്കല്പിച്ച് അവരുടെ പാദം ഗുരുപാദമായി കരുതി പൂജ ചെയ്ത് വസ്ത്രം, ദക്ഷിണ മുതലായവ സമർപ്പിച്ച് ആദരിക്കലാണ് യതിപൂജയുടെ പ്രധാന ചടങ്ങ്. 1928 സെപ്തംബർ 20ന് പരിനിർവ്വാണമടഞ്ഞ ശ്രീനാരായണഗുരുദേവന്റെ മഹാസമാധിയുടെ 41-ാം ദിവസം നടത്തേണ്ടിയിരുന്ന യതിപൂജ അവിചാരിത കാരണങ്ങളാൽ മുടങ്ങിയിരുന്നു. അതാണ് 90 വർഷത്തിനു ശേഷം ഇപ്പോൾ നടത്തുന്നത്. പ്രധാന സമ്മേളന പന്തലിൽക്രമീകരിച്ചിട്ടുളള വേദിയിലാണ് യതിപൂജ നടക്കുന്നത്. ചടങ്ങി വീക്ഷിക്കുന്നതിന് വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്.