anan

തിരുവനന്തപുരം: യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിനെച്ചൊല്ലി പ്രക്ഷോഭങ്ങൾ മുറുകവേ, മണ്ഡല മകരവിളക്കു കാലയളവിൽ ശബരിമലയിൽ സുരക്ഷയൊരുക്കാനുള്ള ചുമതല പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്. ആനന്ദകൃഷ്‌ണന് കൈമാറി. ദക്ഷിണമേഖലാ എ.ഡി.ജി.പി അനിൽകാന്തും ഒപ്പമുണ്ടാവും. ശബരിമലയിലേക്കുള്ള പാതകളിലും പമ്പ മുതൽ സന്നിധാനം വരെയും പഴുതടച്ച സുരക്ഷയൊരുക്കും. മറ്റു സംസ്ഥാനങ്ങളിലെ പൊലീസ്, കമാൻഡോകൾ, കേന്ദ്രസേന എന്നിവയെയും നിയോഗിക്കും. മുഖം തിരിച്ചറിയാൻ കഴിയുന്ന കാമറകളുപയോഗിച്ച് നിരീക്ഷണമുണ്ടാവും. നിലയ്ക്കലിലും മറ്റും അക്രമം കാട്ടിയവരുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത് ഈ കാമറകളിലൂടെ കണ്ടെത്തും. ആവശ്യമെങ്കിൽ ഇവരെ കസ്റ്റഡിയിലെടുക്കും.

ഉന്നത ഉദ്യോഗസ്ഥരുടെ വൻ സംഘത്തെ നിയോഗിക്കും. സുരക്ഷയുടെയും പൊലീസിന്റെയും മ​റ്റ് സേനകളുടെയും ഏകോപനച്ചുമതല എ.ഡി.ജി.പി എസ്.ആനനന്ദകൃഷ്ണനായിരിക്കും. ചീഫ്‌ പൊലീസ് കൺട്രാേളറായി എ.ഡി.ജി.പി അനിൽകാന്ത് പ്രവർത്തിക്കും. തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം ജോയിന്റ് കൺട്രോളറുടെ ചുമതല വഹിക്കും. പി. വിജയനടക്കം എട്ട് ഐ.ജിമാർക്ക് സുരക്ഷാ ചുമതലയുണ്ട്. സന്നിധാനത്തിന്റെയും പമ്പയുടെയും ചുമതല രണ്ട് ഐ.ജിമാർക്കാണ്. സുരക്ഷയൊരുക്കാൻ എട്ട് എസ്.പിമാരെയും നിയോഗിക്കും. സന്നിധാനത്ത് സുരക്ഷയ്ക്ക് രണ്ട് എസ്.പിമാരുണ്ടാകും. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും രണ്ട് എസ്.പിമാർ വീതമുണ്ടാവും. മരക്കൂട്ടം, എരുമേലി എന്നിവിടങ്ങളിലെ സുരക്ഷയും ഒരോ എസ്.പിമാർക്ക് കൈമാറും. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരടക്കം 5000 പൊലീസുകാർ സുരക്ഷയ്ക്കുണ്ടാവും.

നിലയ്ക്കലിലെ സംഘർഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ ഇതുവരെ 3505പേരെ അറസ്​റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മാത്രം 334പേരെ അറസ്​റ്റ് ചെയ്തു. 529കേസുകളിലാണ് അറസ്​റ്റ്. 124പേർ ഇതുവരെ റിമാൻഡിലായിട്ടുണ്ട്. സംഘർഷത്തിൽ ഉൾപ്പെട്ട 210പേരുടെ ചിത്രങ്ങൾ കൂടി ഇന്നലെ പൊലീസ് പുറത്തുവിട്ടു. ഇവരെ മൂന്നുദിവസത്തിനകം പിടികൂടണമെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡി.ജി.പി ലോക് നാഥ് ബെഹ്റ നിർദ്ദേശം നൽകി. 500പേരെ പിടികൂടാനുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. കണ്ടാലറിയാവുന്ന 4000പേർക്കെതിരെയാണ് കേസെടുത്തത്.