തിരുവനന്തപുരം: അയ്യപ്പ ധർമ്മസേന അദ്ധ്യക്ഷൻ രാഹുൽ ഈശ്വറിനെതിരെ 'മി ടൂ' ആരോപണവുമായി യുവതി. ഇഞ്ചിപ്പെണ്ണ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പേരുവെളിപ്പെടുത്താത്ത യുവതിയുടെ ലൈംഗികാരോപണം പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ആരോപണം നിഷേധിച്ച് രാഹുൽ ഈശ്വർ രംഗത്തെത്തിയതോടെ ഇഞ്ചിപെണ്ണ് പോസ്റ്റ് ഡിലീറ്റ് ചെയ്തു.
2003-2004 ൽ യുവതി 12-ാം ക്ലാസ് പഠനം പൂർത്തിയാക്കി നിൽക്കുന്ന സമയത്ത് രാഹുൽ ഈശ്വർ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു ആരോപണം. രാഹുൽ ഈശ്വറുമായി സൗഹൃദത്തിലായിരുന്ന യുവതിയെ അമ്മയെ പരിചയപ്പെടുത്താമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു. വീട്ടിൽ ആരുമുണ്ടായിരുന്നില്ലെന്നും അശ്ലീല വീഡിയോ കാണിച്ച ശേഷം കടന്നുപിടിച്ച് ബലാത്കാരമായി ചുംബിച്ചുവെന്നും യുവതി ആരോപിച്ചു. ഇക്കാര്യം വ്യക്തമാക്കി യുവതി അയച്ച വാട്‌സാപ് സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ട് സഹിതമാണ് ഇഞ്ചിപ്പെണ്ണ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്‌തത്.
ഫെമിനിസ്റ്റ് ഗൂഢാലോചനയെന്ന് രാഹുൽ ഈശ്വർ
തനിക്കെതിരായ മീ ടൂ ആരോപണം രാഷ്ട്രീയപ്രേരിതവും ഫെമിനിസ്റ്റ് ഗൂഢാലോചനയുമാണെന്ന് രാഹുൽ ഈശ്വർ പ്രതികരിച്ചു. തനിക്കെതിരായ ആരോപണങ്ങൾക്ക് തന്റെ ഭാര്യയും അമ്മയും മുത്തശ്ശിയും വാർത്താസമ്മേളനം നടത്തി മറുപടി പറയും. ആശയപരമായി എതിർപക്ഷത്ത് ഉളളവരെ കുടുക്കാൻ മീ ടൂ ഉപയോഗിക്കരുത്. മീ ടൂ പ്രചാരണത്തെ ബഹുമാനിക്കുന്നു. എന്നാൽ ഇത്തരം വ്യാജ ആരോപണങ്ങൾ മീ ടൂവിന്റെ വിശ്വാസ്യത ഇല്ലാതാക്കും. ആർക്കെതിരെയും എന്ത് ആരോപണവും ഉന്നയിക്കുന്നാമെന്നത് ദുരവസ്ഥയാണ്. ആരോപണത്തെ പൂർണമായി തള്ളിക്കളയുന്നുവെന്നും രാഹുൽ ഫെയ്‌സ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി.