sandheepanandha-giri

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച കേസിലെ പ്രതികളെ കണ്ടെത്താൻ മൊബൈൽ ടവർ ലൊക്കേഷൻ വിവരവും സി.സി ടിവി കാമറാ ദൃശ്യങ്ങളും പൊലീസ് അരിച്ചുപെറുക്കുന്നു. ആശ്രമത്തിന് സമീപത്തെ ക്ഷേത്രത്തിലെയും സാനിട്ടറി കടയിലെയും സി.സി ടിവി ദൃശ്യങ്ങളിൽ തെളിവുകളില്ലാത്തതിനാൽ മലയിൻകീഴ്, വട്ടിയൂർക്കാവ്, പൂജപ്പുര പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിലെയും വീടുകളിലെയും റസിഡന്റ്സ് അസോസിയേഷനുകളിലെയും സി.സി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുകയാണ്. കൂടാതെ പ്രദേശത്തെ മൊബൈൽ ടവർ വിവരങ്ങൾ പരിശോധിച്ച് ആ സമയത്ത് പ്രദേശത്തുണ്ടായിരുന്നവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. പുറമേ നിന്നുള്ളവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നോ എന്നാണ് അറിയേണ്ടത്. പെട്രോളൊഴിച്ചാണ് വാഹനങ്ങൾ കത്തിച്ചതെങ്കിലും കുപ്പിയോ വിരലടയാളമോ കണ്ടെത്താനാവാത്തത് പൊലീസിനെ വലയ്ക്കുകയാണ്.

സ്വാമിയുടെ വിശദമായ മൊഴി പൊലീസ് രണ്ടാമതും രേഖപ്പെടുത്തി. ഡി.സി.പി ആദിത്യയുടെ സാന്നിദ്ധ്യത്തിൽ കന്റോൺമെന്റ് എ.സി ദിനരാജാണ് ഇന്നലെ ആശ്രമത്തിലെത്തി സ്വാമിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. മുമ്പുണ്ടായ ഭീഷണികളെപ്പ​റ്റിയും ചോദിച്ചറിഞ്ഞു. നേരത്തേ സാമൂഹ്യമാദ്ധ്യമങ്ങളിലും മ​റ്റും ഭീഷണിപ്പെടുത്തിയവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

പ്രദേശവാസികളെ വീണ്ടും ചോദ്യം ചെയ്യുന്നതും പരിഗണിക്കുന്നുണ്ട്. ഏറെ ആസൂത്രണത്തോടെയാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ആശ്രമത്തിൽ 16 കാമറയുണ്ട്. ഇതിൽ മുൻവശത്തെ നാലെണ്ണമാണ് പ്രവർത്തിക്കാതിരുന്നത്. അതിനിടെ സ്വാമി സന്ദീപാനന്ദ ഗിരിക്ക് ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം ഗൺമാനെ സിറ്റി പൊലീസിൽ നിന്ന് അനുവദിച്ചു.