ചിറയിൻകീഴ്: ചിറയിൻകീഴ് ബോട്ട് ക്ലബിന്റെ പ്രവർത്തനം നിലച്ചിട്ട് മാസങ്ങൾ പിന്നിടുന്നു. അധികൃതരുടെ അലംഭാവമാണ് ബോട്ടിംഗ് പൂർണമായും നിലക്കാൻ കാരണമെന്ന ആരോപണം ശക്തമാണ്. ഇവിടെയുള്ള ബോട്ടുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കി കിട്ടാത്തതിനാൽ സർവീസ് നടത്താൻ സാധിക്കാത്ത അവസ്ഥയിലാണ്.
കഠിനംകുളം കായൽ ടൂറിസം പദ്ധതിയുടെ ഭാഗമായി 2015 ആഗസ്റ്റിലാണ് ഡി.ടി.പി.സി ഇവിടെ ബോട്ട് ക്ലബ് ആരംഭിച്ചത്. രണ്ട് സഫാരി ബോട്ടും നാല് സ്പീഡ് ബോട്ടുമാണ് ആരംഭകാലത്തിൽ ഉണ്ടായിരുന്നത്.
ഒരു മാനേജരും നാല് ഡ്രൈവർമാരുമാണ് അക്കാലത്തുണ്ടായിരുന്നത്. ഇവിടെ നിന്നും ഒരു സഫാരി ബോട്ടും ഒരു സ്പീഡ് ബോട്ടും ആക്കുളത്തേക്ക് കൊണ്ടുപോയി. ഇപ്പോൾ ഒരു ഡ്രൈവറും ഒരു മാനേജരും മാത്രമാണുളളത്.
സഫാരി ബോട്ടിന് ഒരു മണിക്കൂറിന് 1200 രൂപയും സ്പീഡ് ബോട്ടിന് ഒരു മണിക്കൂറിന് 2600 രൂപയുമാണ് ചാർജ്. ഇവിടെ എത്തുന്ന സഞ്ചാരികൾക്കാവശ്യമായ കോഫി- ടീ - സ്നാക്സ് സ്റ്റാളുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചെങ്കിലും പ്രവർത്തനം ഇതുവരെ ആരംഭിച്ചില്ല. ഇതിനുപുറമേ ബോട്ട് ക്ലബ് മന്ദിരത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മന്ദിരത്തിന്റെ ഒരു ഭാഗം അടർന്ന് മാറിയതിനാൽ വാതിൽ അടക്കാൻ പറ്റാത്ത അവസ്ഥയാണ്. ബോട്ട് ക്ലബ് നടത്തിപ്പിലെ പ്രശ്നങ്ങളും ആദ്യകാലങ്ങളിലുണ്ടായിരുന്ന ചാർജും ബോട്ട് സഞ്ചാരികളെ ഇവിടെ നിന്ന് അകറ്റി. ബോട്ട് ക്ലബ് പ്രവർത്തനം പൂർണമായി നിലച്ചതോടെ സഞ്ചാരികൾ തന്നെ ചിറയിൻകീഴ് ബോട്ട് ക്ലബിനെ മറന്ന മട്ടാണ്.