atl29og

ആറ്റിങ്ങൽ : അപ്രതീക്ഷിതമായെത്തിയ അതിഥിയെ കണ്ട് ആലംകോട് സെന്റർ ഹോട്ടലിലുള്ളവർ ഞെട്ടി. പലർക്കും സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഹോട്ടൽ ജോലിക്കാർ ആവർത്തിച്ച് നോക്കി സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സാധാരണക്കാരിയെപ്പോലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി കസേരയിലിരുന്നു. എന്നിട്ട് പറഞ്ഞു. ' ഒരു ഊണ് '. ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സാധാരണക്കാർക്കിടയിലിരുന്ന് ചോറും സാമ്പാറും കഴിച്ച കേന്ദ്രമന്ത്രി, 'നല്ല രുചി'യെന്ന സർട്ടിഫിക്കറ്റും നൽകിയാണ് ആലംകോട് സെന്റർ ഹോട്ടലിൽ നിന്ന് മടങ്ങിയത്.

ശിവഗിരി സമ്മേളനം ഉദ്ഘാടനം കഴിഞ്ഞ് മടങ്ങും വഴിയാണ് കേന്ദ്രമന്ത്രി ഭക്ഷണം കഴിക്കാൻ ആലംകോട് സെന്റർ ഹോട്ടലിലെത്തിയത്. കാറിൽ കയറാൻ നേരം വി. മുരളീധരൻ എം.പിയോട് 'ചായ കുടിച്ചാലോ' എന്ന് കേന്ദ്രമന്ത്രി ചോദിച്ചു. മുരളീധരൻ സ്ഥലത്തെ നേതാവും ബി.ജെ.പി ദക്ഷിണ മേഖല ഉപാദ്ധ്യക്ഷനുമായ തോട്ടയ്‌ക്കാട് ശശിയോട് കാര്യം പറഞ്ഞു. ചായ എത്തിക്കാമെന്നു പറഞ്ഞെങ്കിലും പോകും വഴി ഏതെങ്കിലും കടയിൽ നിന്നു കഴിക്കാമെന്നായി മന്ത്രി. അങ്ങനെയാണ് തോട്ടയ്ക്കാട് ശശിയും ബി.ജെ പി സംസ്ഥാന സെക്രട്ടറി പത്മകുമാറും ആലംകോട്ടുള്ള സെന്റർ ഹോട്ടലിൽ മന്ത്രിയുമായി എത്തിയത്. ടി.വിയിൽ മാത്രം കണ്ടിട്ടുള്ള കേന്ദ്ര മന്ത്രിയും ബി.ജെ.പിയുടെ ദേശീയ നേതാവും ഹോട്ടലിലെത്തിയപ്പോൾ എല്ലാവരും അമ്പരന്നു. വ്യത്യസ്തങ്ങളായ നിരവധി വിഭവങ്ങൾ ഹോട്ടലിൽ ഉണ്ടായിരുന്നെങ്കിലും ചോറും സാമ്പാറുമായിരുന്നു സ്മൃതി ഇറാനിക്ക് ആവശ്യം. ഭക്ഷണശേഷം പാർട്ടി പ്രവർത്തകരുടെയും സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെയും ബില്ല് നൽകാൻ മന്ത്രി ശ്രമിച്ചെങ്കിലും ഹോട്ടൽ ഉടമ പണം വാങ്ങാൻ കൂട്ടാക്കിയില്ല. അത് പറ്റില്ലന്നായി മന്ത്രി. ബില്ല് അടയ്‌ക്കാൻ തങ്ങളെ അനുവദിക്കണമെന്ന് തോട്ടയ്ക്കാട് ശശിയും പത്മകുമാറും വാശിപിടിച്ചു. ഒടുവിൽ മറ്റ് ബില്ലുകൾ നൽകാൻ തോട്ടയ്ക്കാട് ശശിക്ക് അനുവാദം നൽകിയിട്ട് തന്റെയും പേഴ്സണൽ സ്റ്റാഫിന്റെയും ബില്ല് സ്മൃതി ഇറാനി തന്നെ നൽകി.