തിരുവനന്തപുരം: സാലറി ചലഞ്ച് വിഷയത്തിൽ ഹൈക്കോടതി ഉത്തരവിനെ മറികടക്കാൻ സുപ്രീംകോടതിയിൽ പോയിട്ടും ഫലമുണ്ടാവാതെ പോയത് സർക്കാരിന് ക്ഷീണമായി.
ഇപ്പോൾ വിസമ്മതപത്രം അറിയിക്കാതെ നിൽക്കുന്ന ചിലർ പിന്മാറാനും ഇത് കാരണമാകും. അതിനാൽ ഇതുവരെ വിസമ്മതപത്രം നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ജീവനക്കാർക്ക് മേൽ ഭീഷണിയുണ്ടായതെങ്കിൽ ഇനി സമ്മതപത്രം വാങ്ങാനാകും സമ്മർദ്ദമുണ്ടാവുക. ഭരണപക്ഷ സർവീസ് സംഘടനകൾ ഇന്നു തന്നെ ഇതിനുള്ള പ്രചാരണം തുടങ്ങിയേക്കും. സാലറി ചലഞ്ചിനോട് വിമുഖത കാട്ടി നിൽക്കുന്ന എയ്ഡഡ് കോളേജുകളിലെയും എയ്ഡഡ് സ്കൂളുകളിലെയും അദ്ധ്യാപകർക്ക് മേൽ ഇപ്പോൾതന്നെ കടുത്ത സമ്മർദ്ദമുണ്ട്.
ശമ്പളം വൈകുമോ?
സുപ്രീംകോടതി ഉത്തരവ് വന്നതോടെ ഈ മാസത്തെ ശമ്പള വിതരണം കൂടുതൽ സങ്കീർണമായി. നവംബർ ഒന്നിന് വിതരണം ചെയ്യേണ്ട ശമ്പളത്തിൽ നിന്ന് സാലറി ചലഞ്ചിന്റെ രണ്ടാമത്തെ ഗഡു കുറവ് ചെയ്യേണ്ടതുണ്ട്. മുപ്പതിനായിരം വരുന്ന ഡി.ഡി.ഒമാരിൽ പകുതിയിലേറെ പേർ ശമ്പളത്തിൽ നിന്ന് സംഭാവന കുറവ് ചെയ്ത് ബിൽ തയ്യാറാക്കിക്കഴിഞ്ഞു. ഇന്ന് ഇറക്കാനിരിക്കുന്ന ഉത്തരവനുസരിച്ച് ബില്ലിൽ ഇനി മാറ്റം വേണ്ടിവരാം. സംഭാവനത്തുകയിൽ മാറ്റം വരുത്തണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടാൽ ബിൽ റദ്ദാക്കി പുതിയത് തയ്യാറാക്കണം. അവസാന നിമിഷത്തെ ഈ പരിഷ്കാരം കാരണം ശമ്പളവിതരണം വൈകാനുമിടയുണ്ട്.