ലണ്ടൻ : ഇംഗ്ളീഷ് ക്ളബ് ലെസ്റ്റർ സിറ്റിയെ പ്രിമിയർ ലീഗ് ചാമ്പ്യൻമാരാക്കി മാറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ച ക്ളബ് ഉടമ വിഷായ് ശ്രീവദ്ധന പ്രഭയ്ക്ക് (60) കണ്ണീരിൽ കുതിർന്ന യാത്രമൊഴി നൽകി ഫുട്ബാൾ ലോകം. കഴിഞ്ഞരാത്രി ക്ളബിന്റെ ഹോംഗ്രൗണ്ടായ കിംഗ് പവർ സ്റ്റേഡിയത്തിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ ഹെലികോപ്ടർ തകർന്നുവീണാണ് വിഷായ് അടക്കം അഞ്ചുപേർ കൊല്ലപ്പെട്ടത്. വെസ്റ്റ്ഹാം യുണൈറ്റഡിനെതിരായ മത്സരത്തിന് ശേഷം ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു വിഷായ്. മത്സരത്തിൽ ഇരുടീമുകളും 1-1ന് സമനിലയിൽ കുരുങ്ങുകയായിരുന്നു. വിഷായ്‌യെ കൂടാതെ പൈലറ്റ്, രണ്ട് ജീവനക്കാർ, യാത്രക്കാരനായ മറ്റൊരാൾ എന്നിങ്ങനെ അഞ്ചുപേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്
2010 ലാണ് കിംഗ് പവർ ഡ്യൂട്ടി ഫ്രീ ശൃംഘലയുടെ ഉടമയും ശതകോടീശ്വരനുമായ വിഷായ് ലെസ്റ്ററിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നത്. ചുരുങ്ങിയ കാലംകൊണ്ട് അദ്ദേഹം ലെസ്റ്ററിനെ മുൻനിരയിലേക്ക് എത്തിച്ചു. കോടികൾ മുടക്കി വമ്പൻ താരങ്ങളെ ക്ളബിലേക്ക് എത്തിക്കുന്നതിൽ മടി കാട്ടാത്തതിനാൽ 2016 ൽ എല്ലാവരെയും ഞെട്ടിച്ച് ലെസ്റ്റർ ഇംഗ്ളീഷ് പ്രിമിയർ ലീഗ് ചാമ്പ്യൻമാരാക്കി.