തിരുവനന്തപുരം: ഒരു കോടി രൂപ വിലയുള്ള ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. കോവളത്തും പരിസര പ്രദേശങ്ങളിലും വില്പനയ്ക്കായി കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി എറണാകുളം കൂവപ്പടി സ്വദേശിയായ വിഷ്ണുരാജി (28)നെയാണ് സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്. വിഴിഞ്ഞം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. ക്രിസ്‌മസ്, പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം, കോവളം എന്നിവിടങ്ങളിലെത്തുന്ന വിദേശികളടക്കമുള്ളവർക്ക് വിതരണത്തിനായി കൊണ്ടുവന്നതാണിത്. വിഴിഞ്ഞം കല്ലുവെട്ടാൻകുഴി ബൈപ്പാസിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഇടുക്കിയിൽ നിന്നാണ് ഹാഷിഷ് ഓയിൽ എത്തിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. 'ടിക് ടാക് ' മൗത്ത് റിഫ്രഷ്‌മെന്റ് മിഠായിയുടെ ചെറുബോക്‌സിലാക്കിയാണ് ഹാഷിഷ് കൊടുത്തിരുന്നത്. അഞ്ച് രൂപയുടെ ' ടിക് ടാക്' ബോക്‌സിലെ ഹാഷിഷിന് 10000 രൂപ മുതൽ ഈടാക്കിയിരുന്നു. സിറ്റി പൊലീസ് രൂപീകരിച്ച പ്രത്യേക ഷാഡോ പൊലീസിന്റെ അന്വേഷണത്തിനിടെയാണ് ഇയാളെ കണ്ടെത്തിയത്. സിറ്റി പൊലീസ് കമ്മിഷണർ പി. പ്രകാശ്, ഡി.സി.പി ആർ. ആദിത്യ, കൺട്രോൾ റൂം അസി. കമ്മിഷണർ സുരേഷ് കുമാർ .വി, വിഴിഞ്ഞം സി.ഐ ബൈജു എൽ.എസ്, എസ്.ഐ ഗോപകുമാർ, ഷാഡോ എസ്.ഐ സുനിൽ ലാൽ, എ.എസ്.ഐ ഗോപകുമാർ, സിറ്റി ഷാഡോ ടീമംഗങ്ങൾ എന്നിവർ അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നൽകി.