ജാംഷഡ്പൂർ -
ബ്ളാസ്റ്റേഴ്സ് മത്സരം
2-2ന് സമനിലയിൽ
റാഞ്ചി : ഐ.എസ്.എല്ലിൽ ഇന്നലെ ആദ്യ പകുതിയിൽ രണ്ട് ഗോളിന് ലീഡ് ചെയ്ത ജാംഷഡ്പൂർ എഫ്സിയെ 2-2ന് സമനിലയിൽ കുരുക്കി കേരള ബ്ളാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. രണ്ടാംപകുതിയിൽ ലഭിച്ച പെനാൽറ്റി പാഴാക്കിയില്ലായിരുന്നുവെങ്കിൽ മഞ്ഞപ്പട വിജയ തിലകമണിയേണ്ട മത്സരമായിരുന്നു ഇത്.
മൂന്നാം മിനിട്ടിൽ ടിം കാഹിലും 31-ാം മിനിട്ടിൽ മൈക്കേൽ സൂസൈ രാജും നേടിയ ഗോളുകൾക്കാണ് ജാംഷഡ്പൂർ ഒന്നാംപകുതിയിൽ ലീഡ് നേടിയത് 55-ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി പാഴാക്കിയ സെർബിയൻ സ്ട്രൈക്കർ സ്ളാവിസ സ്റ്റൊയാനോവിച്ച് 71-ാം മിനിട്ടിൽ ബ്ളാസ്റ്റേഴ്സിന്റെ ആദ്യഗോൾ നേടി 85-ാം മിനിട്ടിൽ വിനീത് സമനില ഗോളും
1-0
വിജയം തേടി റാഞ്ചിയിലിറങ്ങിയ ബ്ളാസ്റ്റേഴ്സിന് മൂന്നാംമിനിട്ടിൽ തന്നെ തിരിച്ചടിയേറ്റു. ജാംഷഡ്പൂരിന്റെ ആസ്ട്രേലിയൻ താരം ടിം കാഹിലാണ് ഒരു കോർണർ കിക്കിൽ നിന്ന് മനോഹരമായ ഹെഡറിലൂടെ ജാംഷഡ്പൂരിന്റെ ആദ്യഗോൾ നേടിയത്. സിഡോഞ്ച ഫെർണാണ്ടസ് എടുത്ത കോർണർ കിക്കിൽ നിന്നുള്ള കാഹിലിന്റെ ഹെഡർ ബ്ളാസ്റ്റേഴ്സ് ഗോളി നവീൻ കുമാറിനെ നിഷ്പ്രഭനാക്കിയാണ് വലയിൽ കയറിയത്
2-0
മത്സരം അരമണിക്കൂർപിന്നിട്ടപ്പോൾ ജംഷഡ്പൂരിന്റെ സ്കോർ ബോർഡ് വീണ്ടും ചലിച്ചു. ഇത്തവണയും ഗോളിന് വഴിയൊരുക്കിയത് സിഡോഞ്ചയാണ്. ഒരു ത്രോ ഇന്നിൽ നിന്ന് കിട്ടിയ പന്തുമായി ഡിഫൻഡർ റാക്കിപ്പിനെ വെട്ടിച്ച് മുന്നേറിയ സിഡോഞ്ച മൈക്കേൽ സൂസൈരാജിന് കൈമാറുകയായിരുന്നു സൂസൈരാജ് മനോഹരമായ ഒരു ഗ്രൗണ്ട് ഷോട്ടിലൂടെ വല ചലിപ്പിച്ചു
പെനാൽറ്റി മിസ്
55-ാം മിനിട്ടിൽ പന്തുമായി മുന്നേറിയ സഹൽ അബ്ദുസമദിനെ ബോക്സിനുള്ളിൽ ഫൗൾ ചെയ്തിട്ടതിന് റഫറി ബ്ളാസ്റ്റേഴ്സിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. എന്നാൽ പെനാൽറ്റി കിക്കെടുത്ത സ്ളാവിസ സ്റ്റൊയാനോവിച്ച് നേരെ ഗോളി സുബ്രതാ പാലിന്റെ കൈയിലേക്ക് അടിച്ചിടുകയായിരുന്നു. മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള ബ്ളാസ്റ്റേഴ്സിന്റെ സുവർണാവസരമായിരുന്നു ഇത്.
2-1
പെനാൽറ്റി പാഴാക്കിയ തിനുള്ള പ്രായശ്ചിത്തമെന്നപോലെ സ്റ്റൊയാനോ വിച്ചിന്റെ ഗോൾ പിറന്നത് 71-ാം മിനിട്ടിൽ സെമിയെൻ ഡംഗൽ നൽകിയ ക്രോസിൽ നിന്നായിരുന്നു സെർബിയൻ താരത്തിന്റെ ഗോൾ
2-2
രണ്ടാംപകുതിയിലെ ബ്ളാസ്റ്റേഴ്സിന്റെ പോരാട്ടത്തിന് അർത്ഥം പകർന്ന് 85-ാം മിനിട്ടിൽ വിനീതിന്റെ സമനില ഗോൾ പിറന്നത് ഇടത് ഫ്ളാങ്കിലൂടെ ഡിഫൻഡർമാരെ മറികടന്ന് മുന്നേറിയ ഡംഗൽ നൽകിയ പാസിൽ നിന്നായിരുന്നു.
ബ്ളാസ്റ്റേഴ്സ് ഏഴാമത്
ഇൗ സമനിലയോടെ നാല് കളികളിൽ നിന്ന് ആറ് പോയിന്റായ കേരള ബ്ളാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഏഴാമതായി. ഒരു ജയവും മൂന്ന് സമനിലകളുമാണ് ബ്ളാസ്റ്റേഴ്സിനുള്ളത്.
അഞ്ചു കളികളിൽ ഒരു ജയവും നാല് സമനിലകളുമുള്ള ജാംഷഡ്പൂർ ഏഴ് പോയിന്റുമായി നാലാം സ്ഥാനത്തേക്ക് ഉയർന്നു.
നാലുകളികളിൽ നിന്ന് 10 പോയിന്റുമായി എഫ്.സി ഗോവയാണ് ഒന്നാമത് നോർത്ത് ഇൗസ്റ്റ് (8), ബംഗ്ളരു (7) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.