തിരുവനന്തപുരം: ചാക്ക ഐ.ടി.ഐയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. ഒന്നാം വർഷ എ.സി ടെക്‌നീഷ്യൻ വിദ്യാർത്ഥിയായ വെട്ടുകാട് സ്വദേശി ആദിത്യനാണ് (19) കുത്തേറ്റത്. ഇയാൾ എസ്.എഫ്.ഐ പ്രവർത്തകനാണ്. ഇന്നലെ വൈകിട്ട് ആറിനാണ് സംഭവം. ചികിത്സയ്ക്കായി ആദിത്യനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ ഇരുസംഘങ്ങളും ആശുപത്രിയിൽ വീണ്ടും ഏറ്റുമുട്ടി. അക്രമി സംഘത്തിലെ രണ്ട് വിദ്യാർത്ഥികളും ഇവിടെ ചികിത്സ തേടിയിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. ആദിത്യന്റെ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്ന് പേട്ട പൊലീസ് അറിയിച്ചു. ഐ.ടി.ഐയിൽ ഏറെനാളായി ഇരുവിഭാഗങ്ങൾ തമ്മിൽ നടക്കുന്ന സംഘർഷത്തിന്റെ തുടർച്ചയാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കോളേജിലെ പ്രശ്‌നങ്ങളെത്തുടർന്ന് സസ്‌പെൻഷനിലായിരുന്ന വിദ്യാർത്ഥികൾ വീണ്ടും കോളേജിലെത്തിയപ്പോഴുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ആദിത്യന്റെ വാരിയെല്ലിന് താഴെയാണ് കുത്തേറ്റത്. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.പി. മുരളി, വി.എസ്. പത്മകുമാർ എന്നിവർ ആദിത്യനെ സന്ദർശിച്ചു. മെഡിക്കൽ കോളേജ് സി.ഐ ബിനുകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് കാമ്പ് ചെയ്യുന്നുണ്ട്.

അത്യാഹിത വിഭാഗത്തിന് മുന്നിൽ സംഘർഷം;
രണ്ട് പൊലീസുകാർക്ക് പരിക്ക്

തിരുവനന്തപുരം: ചാക്ക ഐ.ടി.ഐ യിലെ ഒന്നാംവർഷ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റയാൾക്കൊപ്പമെത്തിയവരും എതിർവിഭാഗക്കാരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് ഏറ്റുമുട്ടി. പരിക്കേറ്റ ആദിത്യനെ ഇന്നലെ വൈകിട്ട് 6.30ഓടെയാണ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വിവരറിഞ്ഞ് നിരവധി വിദ്യാർത്ഥികളും സുഹൃത്തുക്കളും അത്യാഹിത വിഭാഗത്തിന് മുന്നിലെത്തിയിരുന്നു. രാത്രി 7.30ടെ ആദിത്യനെ ആക്രമിച്ച സംഘത്തിലുൾപ്പെട്ട വിദ്യാർത്ഥിയും ചികിത്സക്കായി അത്യാഹിത വിഭാഗത്തിലെത്തി. ഇവരെ കണ്ടതോടെ അത്യാഹിത വിഭാഗത്തിന് മുന്നിലുണ്ടായിരുന്ന വിദ്യാർത്ഥികൾ അക്രമാസക്തരാവുകയായിരുന്നു. സംഭവ സമയം എട്ടോളം പൊലീസുകാർ മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. വിദ്യാർത്ഥികളെ ആക്രമണത്തിൽ നിന്നും പിന്തിരിപ്പിക്കുവാൻ ശ്രമിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന പൊലീസുകാർക്കും മർദ്ദനമേറ്റു. കൂടുതൽ പൊലീസുകാരെ സ്ഥലത്തെത്തിച്ചതോടെയാണ് സ്ഥിതി ശാന്തമായത്. മർദ്ദനമേറ്റ രണ്ട് പൊലീസുകാർ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി. ആക്രമണ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചവരെയും സംഘം വിരട്ടിയോടിച്ചു. കഴക്കൂട്ടം സൈബർ എ.സി. അനിൽകുമാർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ ആർക്കെതിരെയും പൊലീസ് കേസെടുത്തിട്ടില്ല.