ലോകത്തിലെ ഏറ്റവും പുരാതനമായ ഒരു സംസ്കാരമാണ് ഹിന്ദുസംസ്കാരം. ഹിന്ദുമതം, സനാതന ധർമ്മം എന്നൊക്കെ പല പേരുകളിൽ സ്വദേശിയരും വിദേശീയരുമായ അനേകം ചരിത്രകാരൻമാരാൽ പ്രകീർത്തിക്കപ്പെട്ടുവന്ന ചിരന്തനമായ ഒരു വിശ്വമത ദർശനമായിരുന്നു ഇത്. പൗരാണിക സാഹിത്യങ്ങളിലും ചരിത്രത്തിന്റെ ഗതകാലങ്ങളിലും ഭാരതത്തിന്റെ വെളിച്ചവും സംസ്കൃതിയും ജീവിതവുമായി മാറിയത് വിവിധ കാലഘട്ടങ്ങളിലായി അവതരിച്ച സത്യദർശികളായ ഋഷിമാരിലൂടെയാണ്. ഉപനിഷത്തുക്കളായിരുന്നു നമ്മുടെ പരമവേദം. പല കാലങ്ങളിൽ പല പ്രകാരത്തിൽ പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഋഷിമാരാൽ ക്രോഡീകരിക്കപ്പെട്ട സനാതന ധർമ്മ പാരമ്പര്യത്തിലെ അനേകം മഹാത്മാക്കളിൽ ഒരാളായിരുന്നു ശ്രീനാരായണ ഗുരുദേവൻ.
1928 സെപ്തംബർ 21 (കന്നി 5) ന് ആണല്ലോ ഭഗവാന്റെ മഹാസമാധി. ഗുരുവിന്റെ മഹാസമാധി കഴിഞ്ഞ് 41-ാം നാൾ മണ്ഡലമഹാപൂജയും യതിപൂജയും നടത്തുവാൻ അവിടുത്തെ നേർ ശിഷ്യൻമാർ തീരുമാനിക്കുകയുണ്ടായി. ഗുരുവിന്റെ ശിഷ്യൻമാരാൽ തീരുമാനിക്കപ്പെട്ട യതിപൂജയ്ക്ക് വേണ്ട ഒരുക്കങ്ങൾ ശിവഗിരിയിൽ അന്ന് ആരംഭിച്ചു കഴിഞ്ഞിരുന്നു. ഭഗവാൻ സമാധിയായ ദിവസം മുതൽ ശിവഗിരിയിൽ ജപവും പ്രാർത്ഥനയും അന്നദാനവും നടത്തി വന്നു. ദിവസവും അനേകായിരം ഭക്തൻമാർ ശിവഗിരിയിലേക്ക് വന്നുകൊണ്ടിരുന്നു. 41 -ാം നാൾ നടക്കേണ്ടിയിരുന്ന യതി പൂജായ്ക്കായി തമിഴ്നാട്ടിൽ നിന്നും പൂക്കളും പച്ചക്കറികളും ശിവഗിരിയിൽ എത്തിച്ചു. ഭാരതത്തിലെ വിവിധ മഠങ്ങളിലും ആശ്രമങ്ങളിലും നിന്നു് അനേകം സന്യാസിമാർ ശിവഗിരിയിൽ എത്തി. എന്നാൽ അവസാന ദിവസം യതിപൂജ തടഞ്ഞുകൊണ്ടുള്ള സ്റ്റേ ഓർഡർ വരികയുണ്ടായി. പൂക്കളും പച്ചക്കറികളും ഭക്ഷണ സാധനങ്ങളുമെല്ലാം കുഴിച്ചുമൂടി ശിവഗിരി കുന്നാകെ ശോകമൂകമായി. എസ്.എൻ.ഡി.പി യോഗം കൗൺസിൽ കൂടി തടഞ്ഞ യതിപൂജാ ശിവഗിരിയുടെയും യോഗത്തിന്റെയും ചരിത്രത്തിലെ തീരാദുഃഖവും കളങ്കവുമായി മാറി. കാലങ്ങളായി അതിന്റെ പാപം ഗുരുഭക്തരായ നമ്മെ വേദനിപ്പിച്ചുകൊണ്ടിരുന്നു. നമ്മുടെ കടമ നിർവഹിക്കാൻ കഴിയാതെ പോയതിന്റെ പാപഭാരം ഹൃദയത്തിൽ നിന്ന് ഒഴിച്ചു കളയാൻ ഇത്രയും നാൾ കാത്തിരിക്കേണ്ടി വന്നു.
ഇപ്പോൾ ശിവഗിരിയിലെ ബ്രഹ്മവിദ്യാലയത്തിൽ പഠിച്ചവരും സമപ്രായക്കാരുമായ ഒരു ഭരണ സമിതി ശിവഗിരി മഠത്തിന്റെ നേതൃസ്ഥാനത്തേക്ക് വരികയും അന്നു മുടങ്ങിപ്പോയ യതി പൂജ നടത്തുവാൻ നിശ്ചയിക്കുകയുമായിരുന്നു. എസ്.എൻ. ഡി. പി യോഗത്തിന്റെ ആദരണീയനായ ജനറൽ സെക്രട്ടറിയോട് സംസാരിച്ചപ്പോൾ അദ്ദേഹം അതിന് സർവാത്മനാ സമ്മതം അറിയിച്ചു. അങ്ങനെ സന്യാസിസംഘവും എസ്.എൻ.ഡി.പി യോഗവും സംയുക്തമായി യതിപൂജ നടത്തുവാൻ തീരുമാനിച്ചു. ഭഗവാൻ മഹാസമാധിയായതിന്റെ 90 വർഷം തികയുന്ന പുണ്യ മുഹൂർത്തത്തിൽ കഴിഞ്ഞ സെപ്തംബർ 21 മുതൽ ഒക്ടോബർ 31 വരെ അഖണ്ഡനാമജപവും വിശ്വശാന്തി മഹായജ്ഞവും നടന്നുവരുന്നു. അനേക ലക്ഷം ഭക്തൻമാർ ഇതിനോടകം ശിവഗിരിയിൽ എത്തിക്കഴിഞ്ഞു. ഇനി ഏതാനും നാളുകൾക്കുള്ളിൽ ഒക്ടോബർ 31 -ന് മഹായതിപൂജ നടക്കും. അതോടുകൂടി മഹാസമാധി നവതി ആചരണ മണ്ഡല മഹാപൂജ സമാപിക്കും.
ഭാരതത്തിന്റെ ആദ്ധ്യാത്മിക പാരമ്പര്യത്തിൽ സത്യദർശികളായ സന്യാസിമാർക്ക് രാജ്യം ഭരിക്കുന്ന രാജാവിനെക്കാൾ സ്ഥാനവും അംഗീകാരവും ഉണ്ടായിരുന്നു. പുരാണങ്ങളിലും ഉപനിഷത്തുക്കളിലും നമുക്ക് ഇത് കാണാൻ കഴിയും . തമിഴിന്റെ വേദമായ തിരുക്കുറലിൽ ‘നീന്താർ പെരുമൈ’ (സന്യാസിമഹിമൈ) എന്ന ഒരു അദ്ധ്യായം തന്നെ എഴുതിയിട്ടുണ്ട്. ഗുരുദേവൻ അത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. അതിൽ ദൈവത്തിന് സമമായാണ് സത്യദർശികളായ സന്യാസിമാരെ വർണിക്കുന്നത്. തമിഴ് ശൈവ പരമ്പരയിലെ മഹാസിദ്ധനായിരുന്നു ശ്രീനാരായണ ഗുരുദേവൻ. ഇങ്ങനെയുള്ള സത്യദർശികളായ മഹാത്മാക്കളോ സന്യാസിമാരോ സമാധിയായിക്കഴിഞ്ഞാൽ 41-ാം നാൾ നടത്തുന്ന അതിവിശിഷ്ടമായ ചടങ്ങാണ് യതിപൂജ. തപസ്വികളും പണ്ഡിതൻമാരുംഈശ്വര തുല്യരുമായ സന്യാസിമാരെ ക്ഷണിച്ചു വരുത്തി അവരെ സാക്ഷാൽ പരമശിവനായി തന്നെ സങ്കല്പിച്ച് അവരുടെ പാദം കഴുകി പാദപൂജ ചെയ്ത് കാഴ്ചദ്രവ്യങ്ങളും വസ്ത്രവും ദക്ഷിണയും ഭക്ഷണവും നൽകി സാഷ്ടാംഗം നമസ്കരിച്ച് നമ്മുടെ അഹങ്കാരത്തെ ആ പവിത്ര പാദങ്ങളിൽ സമർപ്പിക്കുമ്പോഴാണ് യതിപൂജ പൂർണമാകുന്നത്. ഒരു വേള ശ്രീനാരായണ ഗുരുദേവന്റെ പാദപൂജ ചെയ്യുന്നതിന് തുല്യമായി നമുക്കിത് കാണാനാകും. ചിലർ ചോദിക്കാറുണ്ട് ഗുരുവിന് എന്തിനാണ് യതിപൂജയെന്ന.് ഇത് ഗുരുവിന് വേണ്ടിയല്ല, നമുക്ക് വേണ്ടിയാണ്. നമ്മുടെ കടം വീട്ടാനാണ്. മഹാതപസ്വികളായ ഗുരുവിന്റെ നേർ ശിഷ്യൻമാർ അന്ന് തീരുമാനിച്ച യതിപൂജ മുടങ്ങിയല്ലോ. ഇന്ന് നമ്മൾ പുതുതായി ഒരു തീരുമാനം എടുക്കുന്നില്ല. ഗുരുവിന്റെ ദിവ്യശിഷ്യൻമാരുടെ തീരുമാനത്തെ പൂർത്തീകരിക്കുകയാണ് ചെയ്യുന്നത്. ഈ പുണ്യകർമ്മത്തിൽ പങ്കെടുക്കുകയും ദർശിക്കുകയും ചെറുതെങ്കിലും നമ്മളാൽ കഴിയുന്ന എന്തെങ്കിലും സമർപ്പിക്കുകയും ചെയ്യേണ്ടത് ഇപ്പോൾ, ഈ ജൻമത്തിൽ, നമ്മെ ഇതിന് തിരഞ്ഞെടുത്ത മഹാഗുരുവിന്റെ കൃപ നമ്മുടെ ജീവനെ ആ പരമപദത്തിലേക്ക് ചേർത്ത് നിർത്തണം എന്ന പ്രാർത്ഥനയോടെയാണ്.
ബന്ധമോക്ഷങ്ങളിൽ ഭേദം കണ്ടിങ്ങ് കഠിന വ്രതം
പൂണ്ടവർക്കുള്ള മഹിമ ഭൂവിലേറ്റമുയർന്നതാം
മനമാം മലരേ വെല്ലുന്നവന്റെ വലുതാംപദം
തൊഴുന്നവർ സുഖം നീണാൽ മുഴുവൻ വാഴുമൂഴിയിൽ
ഇങ്ങനെ സന്യാസി മഹിമയിലും ദൈവസ്തുതിയിലുമായി ഗുരു നമ്മെ ബോദ്ധ്യപ്പെടുത്തുന്നത,് സജ്ജന സേവ തന്നെയാണ് ഈശ്വരപൂജ എന്ന് മനസിലാക്കാൻ വേണ്ടിയാണ്. ഗുരുവിനെയും ഗുരുധർമ്മത്തെയും ശരിയായി പഠിക്കാത്തവരാണ് ഇത്തരം സത്കർമ്മങ്ങളെ വിമർശിക്കുന്നത്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെയും എസ്.എൻ. ഡി. പി യോഗത്തിന്റയും സംയുക്തമായ തീരുമാനം നമ്മുടെ ജീവിതത്തിലെ കാലികമായ അഴുക്കുകളെ കഴുകിക്കളയാൻ പര്യാപ്തമാണ് . ഒക്ടോബർ 31-ന് രാവിലെ 9 മണിക്ക് നടക്കുന്ന മഹായതിപൂജയിൽ എല്ലാ ഗുരുഭക്തരും പങ്കെടുക്കുക തന്നെ വേണം.
വാതിലഞ്ചുംവെന്നവന്റെ നീതിയും നേരുമായിടും
വഴിയിൽപറ്റിനിന്നീടിൽ വാഴുന്നു നെടുനാളവൻ
ഇങ്ങനെ ഇന്ദ്രിയ ജയം കൈവരിച്ച മഹാഗുരുക്കൻമാരുടെ ധർമ്മപദത്തിൽ ചേർന്നു നിന്നാൽ അവൻ നെടുനാൾ ഭൂമിയിൽ സുഖമായി ജീവിക്കുമെന്ന ഗുരുവചനം നെഞ്ചോടു ചേർത്തു വയ്ക്കുക. ഇത് നമ്മുടെ ആത്മീയവും ഭൗതികവുമായ ജീവിതത്തിന് അനുഗ്രഹമാകും. എല്ലാ സജ്ജനങ്ങളെയും ഒക്ടോബർ 31ന് നടക്കുന്ന യതിപൂജയിലേക്ക് ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
ശിവസ്വരൂപാനന്ദസ്വാമി
സെക്രട്ടറി, മഹാസമാധി നവതി ആചരണ കമ്മിറ്റി