ans

നെയ്യാറ്റിൻകര: പൊട്ടിപ്പൊളിഞ്ഞ നിലയിലായ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡു മുതൽ പൂവാർ വരെ റോഡ് പുനർനിർമ്മിക്കാൻ 15 കോടി രൂപയുടെ കേന്ദ്രഫണ്ടിന് അനുമതി ലഭിച്ചു. 16 കിലോമീറ്റർ ദൂരം ഇത്തരത്തിൽ പണിപൂർത്തിയാക്കും. പ്രാരംഭ പ്രവർത്തങ്ങളായി പഴകട മുതൽ മാവിളക്കടവ് വരെയുള്ള പണികൾ നടക്കുന്നതായി കെ. ആൻസലൻ എം.എൽ.എ പറഞ്ഞു. പട്ട്യക്കാല മുതൽ പരണിയം വരെയുള്ള റോഡും ഇതോടൊപ്പം പണി കഴിപ്പിക്കും. 15 കോടി രൂപയുടെ കേന്ദ്രഫണ്ടിനോടൊപ്പം എം.എൽ.എ ഫണ്ടും റോഡു പണികൾക്കായി ഉപയോഗപ്പെടുത്തും. പൂവാർ റോഡിലെ പിരായുംമ്മൂട്ടിലെ റോഡരുകിലെ പൈപ്പ് പൊട്ടി റോഡ് തകരുന്നത് സ്ഥിരം സംഭവമായിരുന്നു. നാട്ടുകാരുടെ പരാതി വർദ്ധിച്ചതോടെ കെ. ആൻസലന്റെ നേതൃത്വത്തിൽ കേന്ദ്ര റോഡ് വികസ അതോറിട്ടിയിൽ (സി.ആർ.എഫ്) നിവേദനം നൽകുകയായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബറോടെ പൂർത്തീകരിക്കാനാകും.