തിരുവനന്തപുരം: തിരുമലയ്ക്കടുത്ത് കുണ്ടമൺകടവിലെ തന്റെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പൊലീസ് അന്വേഷണം ശരിയായ വിധത്തിലാണ് മുന്നേറുന്നതെന്ന് സ്കൂൾ ഒഫ് ഭഗവത് ഗീത സ്ഥാപകനായ സ്വാമി സന്ദീപാനന്ദഗിരി. അന്വേഷണത്തിൽ വിശ്വാസമുണ്ട്. പരമാവധി തെളിവുകൾ ശേഖരിച്ചശേഷം പൊലീസിന്റെ ഭാഗത്തുനിന്ന് ഉചിതമായ നടപടിയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. തന്റേതുൾപ്പെടെ ആശ്രമവാസികളുടെ മൊഴികൾ കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. സ്വാമി സന്ദീപാനന്ദഗിരി 'ഫ്ളാഷി'നോട് സംസാരിക്കുന്നു:
പ്രകോപന കാരണം ശബരിമല മാത്രമല്ല
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട നിലപാട് മാത്രമായിരിക്കില്ല ആക്രമണത്തിന് പിന്നിലെ പ്രകോപനത്തിന് കാരണം. ആശയപരമായ പല വിയോജിപ്പുകളുമുണ്ടാകാം. സംഘപരിവാറിന്റെ ഹിന്ദൂയിസം തീർത്തും സങ്കുചിതമാണ്.ശരിയായ സനാതന ധർമ്മം അതല്ല. പൗരോഹിത്യത്തിന്റെ കാർക്കശ്യങ്ങളെ ആദ്യം ചോദ്യം ചെയ്തത് ശങ്കരാചാര്യരാണ്. ഭിക്ഷാംദേഹിയായി വീടുവിട്ടിറങ്ങിയ അദ്ദേഹത്തിന്റെ അമ്മയുടെ സംസ്കാര ചടങ്ങുപോലും പൗരോഹിത്യവർഗക്കാർ ഉപരോധിച്ചത് മറക്കാനാകില്ലല്ലോ.
പിന്തിരിയില്ല
സന്ന്യാസി തന്റെ ധർമ്മ പ്രവർത്തനത്തിൽ നിന്ന് പിന്തിരിയാൻ പാടില്ല. പിന്തിരിയൽ സന്യാസിയുടെ മരണമാണ്. പെട്രോൾ ബോംബോ, കുറുവടിയോ കഠാരയോ അല്ല അറിവാകുന്ന വാളാണ് അവന്റെ ആയുധം. കാനഡയിൽ നടക്കുന്ന പാർലമെന്റ് ഒഫ് വേൾഡ് റിലീജിയണിൽ നാരദ ഭക്തി സൂത്രത്തെ അധികരിച്ച് ഭഗവാൻ, ഭക്തി, ആചാരം , അനുഷ്ഠാനം എന്നിവയെപ്പറ്റി നവംബർ 6ന് പ്രഭാഷണം നടത്തുന്നുണ്ട്. അതിനുശേഷം അമേരിക്കയിലും ഡിസംബറിൽ യു.എ.ഇയിലും പരിപാടികളുണ്ട്. ജനുവരി 12 മുതൽ ഫെബ്രുവരി 24വരെ കേരളത്തിലെ എല്ലാ ജില്ലകളിലും ഭക്തിശാസ്ത്രത്തെ അധികരിച്ച് ധർമ്മ സംവാദം നടത്തും.
ചിലർ കൽപ്പിച്ച് നൽകിയത്
തുളസീദാസ് എന്നാണ് പൂർവ്വാശ്രമത്തിലെ എന്റെ പേര്. ശബരിയുടെ വംശക്കാരായ മലയരയർക്ക് ശബരിമലയിൽ തേൻ അഭിഷേകം നടത്താനുള്ള അവകാശം പുന:സ്ഥാപിക്കണമെന്ന് അഭിപ്രായപ്പെട്ട പി.കെ സജീവിന്റെ സഹോദരനാണ് താനെന്ന് സ്ഥാപിച്ചാണ് ചില ബി.ജെ.പി നേതാക്കളും ശബരിമലയുടെ പേരിൽ പ്രകോപനം സൃഷ്ടിച്ചതിന് അറസ്റ്റിലായ ഒരാളുടെ ബന്ധുവും ഭാരതീയ വിചാര കേന്ദ്രത്തിന്റെ മുൻ ഭാരവാഹിയും ചേർന്ന് കൽപ്പിച്ചതാണ് പി.കെ ഷിബുവെന്ന വട്ടപ്പേര്. (ആക്രമണദിവസം ആശ്രമത്തിന് മുന്നിൽ പി.കെ. ഷിബുവിന് ആദരാഞ്ജലികൾ എന്നെഴുതിയ റീത്ത് വച്ചിരുന്നു). സാമൂഹ്യ പരിഷ്കർത്താക്കളെയും നവോത്ഥാന നായകരെയും മുമ്പും ഇത്തരത്തിൽ ആക്ഷേപിച്ച മനസാണ് ഇവരുടേത്. കാലാന്തരങ്ങളായി ഇവിടെയുള്ള ചാണക ബുദ്ധിയാണ് ഇതിന് പിന്നിൽ.
നഷ്ടം ഒരുകോടി
ആശ്രമത്തിലെ രണ്ട് കാറുകളും സ്കൂട്ടറും പൂർണമായും അഗ്നിക്കിരയാക്കിയതിലൂടെ ആശ്രമത്തിന്റെ കെട്ടിടത്തിനുണ്ടായ വിള്ളലുകളും ബലക്ഷയവും കെട്ടിടത്തിന്റെ മുകൾ നിലയിൽ പ്രവർത്തിക്കുന്ന ഗീതാ ക്ഷേത്രത്തിനും ഒക്കെചേർത്ത് ഒരു കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. മൊറാദാബാദിൽ നിന്ന് ചെമ്പിൽ തീർത്ത് കൊണ്ടുവന്ന ഭഗവദ്ഗീതാ സൂക്തങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. തീയും പുകയുമേറ്റ് അവ്യക്തമായ അവ യഥാവിധം പുന:സ്ഥാപിക്കൽ വൻ സാമ്പത്തിക ബാദ്ധ്യതയ്ക്ക് ഇടവരുത്തുന്നതാണ്. മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമാണ് ഇത് രാഷ്ട്രത്തിനായി സമർപ്പിച്ചത്.