ശിവഗിരി: കേരളത്തിലെ മാത്രമല്ല, ഇന്ത്യ ഒട്ടാകെയുണ്ടായ നവോത്ഥാനത്തിന്റെ വഴികാട്ടിയായിരുന്നു ശ്രീനാരായണഗുരുദേവനെന്ന് മൈസൂർ സുത്തൂർ മഠം മഠാധിപതി മഹാസ്വാമി ശിവരാത്രി ദേശീകേന്ദ്ര പറഞ്ഞു.
ശ്രീനാരായണഗുരുദേവ മഹാസമാധി നവതി ആചരണത്തോടനുബന്ധിച്ചുള്ള ആദ്ധ്യാത്മിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.
പരിവ്രാജകനും അതിശ്രേഷ്ഠനായ മഹർഷിയും പണ്ഡിതനും തത്വജ്ഞാനിയും കവിയുമായിരുന്ന ഗുരുദേവൻ തുടങ്ങിവച്ച സാമൂഹ്യവും ആത്മീയവുമായ പുനരുദ്ധാനം ഐതിഹാസികമാണ്. 12-ാം നൂറ്റാണ്ടിൽ ബസവേശ്വർ കർണാടകത്തിൽ തുടങ്ങിയ ശരണവിപ്ളവത്തിന് സമാനമാണ് ഇത്. ഒരുജാതി, ഒരു മതം, ഒരു ദൈവം എന്ന ദൈവ കല്പിതമായ ഗുരുദേവ ദർശനമാണ് ശിവഗിരിയിൽ സാക്ഷാത്കരിക്കപ്പെടുന്നത്. ജ്ഞാനോദയം ലഭിച്ച മറ്ര് തപസ്വികളിൽ നിന്ന് ഗുരുദേവൻ വേറിട്ടുനിൽക്കുന്നത് ആത്മീയ മോക്ഷത്തോടൊപ്പം സാമൂഹ്യ മോചനത്തിനും പ്രാധാന്യം നൽകിയതിനാലാണ്. ഇന്ത്യയുടെ ആത്മീയ ചരിത്രം ഈ ഒറ്റക്കാരണത്താൽ അതുല്യമാവുന്നു. ജാതി, വർഗ, മത, ഭാഷാപരിഗണനകളില്ലാതെ ജീവിതത്തിലെ എല്ലാ തുറകളിലുമുള്ളവർക്കുവേണ്ടിയുള്ള പുണ്യതീർത്ഥാടന കേന്ദ്രമാണ് ഇന്ന് ശിവഗിരി. ഗാന്ധിജിയും രവീന്ദ്രനാഥ ടാഗോറും ഗുരുദേവ തത്വങ്ങളാൽ സ്വാധീനിക്കപ്പെട്ടവരാണ്. ഈ സ്ഥലത്ത് അന്തർലീനമായ ഗുണങ്ങളാണ് ശിവഗിരിയെ ആത്മീയമായി വരണ്ട് മോക്ഷം തേടുന്ന മനുഷ്യരുടെ പ്രമുഖ ആഗോള ലക്ഷ്യസ്ഥാനമാക്കുന്നത്.
ആത്മീയ സമ്പുഷ്ടിയും ഉന്നമനവും പ്രദാനം ചെയ്യുന്നതാണ് കഴിഞ്ഞ 41 ദിവസങ്ങളിൽ ശിവഗിരിയിൽ നടന്ന ചടങ്ങുകളെന്നും സ്വാമി ശിവരാത്രി ദേശീകേന്ദ്ര പറഞ്ഞു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അദ്ധ്യക്ഷത വഹിച്ചു. സ്വാമി പ്രകാശാനാന്ദ, മതൃവാണി എഡിറ്രർ സ്വാമി ജ്ഞാനാമൃതാനന്ദ പുരി, പ്രബുദ്ധകേരളം എഡിറ്റർ സ്വാമി നന്ദാത്മജാനന്ദ, ശിവഗിരി മാസിക എഡിറ്റർ സ്വാമി അവ്യയാനന്ദ, ജനകജനനീ കൃപാ ഗുരുകുലത്തിലെ സ്വാമി തദ്രൂപാനന്ദ, സുബോധ് ഫൗണ്ടേഷനിലെ സ്വാമി ആദ്ധ്യാത്മാനന്ദ എന്നിവർ പങ്കെടുത്തു.
നവതി ആചരണ കമ്മിറ്റി സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ സ്വാഗതം പറഞ്ഞു.