വാഷിംഗ്ടൺ: കടലിനടിയിൽ ഗവേഷണം നടത്തിക്കൊണ്ടിരുന്ന ഒരുസംഘം ഗവേഷകർ തങ്ങളുടെ കാമറയിൽപ്പതിഞ്ഞ ആ രൂപം കണ്ട് ആദ്യം പേടിച്ചു. പിന്നെ അതിശയിച്ചു. പിന്നെ, കൗതുകമായി, കണ്ടെത്തലായി. സമുദ്രത്തിലെ ഏറ്റവും ആഴംകൂടിയ മരിയാന ട്രഞ്ചിൽവച്ചാണ് വെളുത്ത, വളരെചെറിയ രൂപമുള്ള മത്സ്യത്തെ അവർ കാണുന്നത്. കണ്ണുപോലും വെള്ളനിറത്തിലുള്ള ആ മത്സ്യത്തെ അവർ പ്രേതമത്സ്യമെന്നാണ് വിളിച്ചത്. വെറും 10 സെന്റിമീറ്റർ മാത്രമാണ് ആകെയുള്ള വലിപ്പം.
ലോകത്തിൽ ആദ്യമായാണ് ‘ആഫിയോനിഡെ’ കുടുംബത്തിൽപ്പെട്ട ആ മത്സ്യത്തെ മനുഷ്യൻ ജീവനോടെ കാണുന്നത്! കടലിനടിയിൽ ജീവശാസ്ത്രത്തിലെ നിർണായകനിമിഷത്തിനാണ് നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷന്റെ (എൻ.ഒ.എ.എ) ആ ഗവേഷക സംഘം സാക്ഷിയായതെന്നു ചുരുക്കം. കടലിനടിയിൽ എണ്ണ പര്യവേക്ഷണത്തിനും മറ്റുമായി ഡ്രഡ്ജിംഗ് നടത്തുമ്പോഴും വലയെറിയുമ്പോഴുമെല്ലാം പലപ്പോഴായി ഈ മത്സ്യത്തെ കിട്ടിയിട്ടുണ്ട്. പക്ഷേ ജീവനില്ലാതെയെന്നു മാത്രം. അതിനാൽത്തന്നെ ഇവ ആഴക്കടലിലാണോ അതോ സാധാരണ മത്സ്യങ്ങൾക്കൊപ്പമാണോ ജീവിക്കുന്നതെന്ന സംശയവുമുണ്ടായിരുന്നു. ‘ദ് നെവർ എൻഡിങ് സ്റ്റോറി’ എന്ന സിനിമയിലെ ‘ഫോൾകോർ’ എന്ന നല്ലവനായ വെള്ള ഡ്രാഗണിനെപ്പോലെയുണ്ടെന്നായിരുന്നു ഗവേഷകരിലൊരാൾ ഈ മത്സ്യത്തെ കണ്ടിട്ട് വിശേഷിപ്പിച്ചത്. ആഴത്തിൽ ജീവിക്കുന്നതിനാൽ പരിണാമത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഇവയുടെ ശരീരത്തിലേക്ക് നിറങ്ങളൊന്നും ചേർന്നില്ല. അത് കാലാകാലങ്ങളായി തുടരുകയും ചെയ്യുന്നുവെന്നാണ് ഗവേഷകർ പിന്നീട് കണ്ടെത്തിയത്.