തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ആംബുലൻസ് സേവനം പരിമിതമാണെന്ന പരാതിക്ക് പരിഹാരമായി. ലോക്‌സഭാംഗം ശശിതരൂരും കെ. മുരളീധരൻ എം.എൽ.എയും തങ്ങളുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുകകൾ ഉപയോഗിച്ചാണ് പുതിയ ആംബുലൻസുകൾ വാങ്ങിയത്. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായാലുടൻ രണ്ട് വാഹനങ്ങളും ഏതാനും ദിവസങ്ങൾക്കകം ആശുപത്രി ആവശ്യത്തിന് ഉപയോഗിക്കാനാകും. 108 ആംബുലൻസിലേതുപോലെ എമർജൻസി ആംബുലൻസിലുള്ള ഉപകരണങ്ങളെല്ലാം പുതിയ ആംബുലൻസിലുണ്ട്. നഗരത്തിലെ പ്രധാന സർക്കാർ ആതുരാലയമായ ജനറൽ ആശുപത്രിയിൽ നാല് ആംബുലൻസുകൾ ഉണ്ടെങ്കിലും ഇതിൽ രണ്ടെണ്ണം കാലപ്പഴക്കവും അറ്റകുറ്റപ്പണികളും കാരണം ഏറെനാളായി കട്ടപ്പുറത്താണ്. പിന്നീടുള്ള രണ്ട് ആംബുലൻസുകളാകട്ടെ ദീർഘദൂര ഓട്ടത്തിന് പറ്റുന്നതല്ല. ജീവൻ രക്ഷാ ഉപകരണങ്ങളും പരിമിതമാണ്. അത്യാവശ്യഘട്ടങ്ങളിൽ കഷ്ടിച്ച് മെഡിക്കൽ കോളേജ് വരെ പോകാൻ മാത്രമാണ് ഇവ ഉപയോഗിക്കുന്നത്. ജനറൽ ആശുപത്രിയിൽ മികച്ച ആംബുലൻസുകൾ ഇല്ലാത്തതിനാൽ സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ട സ്ഥിതിവിശേഷം പ്രതിഷേധങ്ങൾക്കിടയാക്കിയതോടെയാണ് ആശുപത്രി മാനേജിംഗ് കമ്മിറ്റിയുടെ അഭ്യർത്ഥന മാനിച്ച് ജന പ്രതിനിധികൾ ആംബുലൻസ് വാങ്ങാൻ പണം അനുവദിച്ചത്. രണ്ട് പുതിയ ആംബുലൻസുകൾ എത്തുന്നതോടെ രോഗികൾക്ക് 24 മണിക്കൂറും ആംബുലൻസ് സേവനം ലഭ്യമാകുമെന്നതാണ് പ്രധാനനേട്ടം