ലണ്ടൺ: കഴിഞ്ഞദിവസം കിംഗ്പവർ സ്റ്റേഡിയത്തിന്റെ പാർക്കിംഗ് ഗൗണ്ടിലുണ്ടായ ഹെലികോപ്ടർ അപകടത്തിൽ ഇംഗ്ലീഷ് ക്ലബ് ലെസ്റ്റർ സിറ്റി ഉടമ വിഷായ് ശ്രീവദനയോടൊപ്പം കൊല്ലപ്പെട്ട മുൻ തായ് സുന്ദരി നൂർസാറ സുക്കുമിക്കുവേണ്ടി കണ്ണീരൊഴുക്കി സോഷ്യൽ മീഡിയ. സമൂഹ മാദ്ധ്യമങ്ങളിൽ വരളെ ആക്ടീവായ നൂർസാറയ്ക്ക് ആയിരക്കണക്കിന് ആരാധകരാണുള്ളത്.
മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് നൂർസാനയും സുഹൃത്തുക്കളും തായ്‌ലൻഡിലെ പ്രമുഖ റെസ്റ്റോറന്റിൽ കടൽവിഭവങ്ങൾക്കൊപ്പം എടുത്ത ചിത്രങ്ങളും വൈറലായി.
അതേസമയം നൂർസാറയെക്കുറിച്ച് ബി.ബി.സി സീനിയർ സ്പോർട്സ് എഡിറ്റർ ഡാൻറോണിന്റെ പരാമർശം വൻ വിവാദമായി. വിഷായ് ശ്രീവദനയുടെ വെപ്പാട്ടിയാണ് നൂർസാറ എന്നായിരുന്നു പരാമർശം.കോടീശ്വരനോ രാജകുടുംബാംഗമോ ആണെങ്കിൽ ഇത് പതിവാണെന്നും അദ്ദേഹം പറഞ്ഞു. ലെസ്റ്റർ സിറ്റിയുടെ മത്സരം റിപ്പോർട്ടുചെയ്തത് ഡാൻ ആയിരുന്നു.അപകടത്തെത്തുടർന്ന് ചാനലിലെ സംപ്രേക്ഷണം ചെയ്ത പ്രത്യേക പരിപാടിയിലായിരുന്നു വിവാദപരാമർശം.
മരിച്ചയാളെ അപമാനിക്കുന്നതാണ് ഡാനിന്റെ പരാമർശമെന്നായിരുന്നു ഭൂരിപക്ഷത്തിന്റെയും കമന്റ്. വകതിരിവില്ലാത്തവൻ എന്നാണ് ഡാനിനെ ചിലർ വിളിച്ചത്. ഇത്തരമൊരു സന്ദർഭത്തിൽ പറയേണ്ട വാചകമല്ല ഡാനിന്റെ വായിൽ നിന്ന് വീണതെന്നും പറയുന്ന കാര്യത്തിൽ കുറച്ചുകൂടി ശ്രദ്ധപുലർത്തണമെന്നും അവർ ഉപദേശിച്ചു. വിമർശനമേറിയതോടെ മാപ്പുപറഞ്ഞ് ഡാൻ തലയൂരി. സഹപ്രവർത്തകരോട് സംസാരിക്കവെ അബദ്ധത്തിലാണ് ഇത്തരമൊരു പരാമർശം ഉണ്ടായതെന്നും ഡാൻ പറഞ്ഞു.
അപകടത്തിൽ ശ്രീവദനയും നൂർസായും ഉൾപ്പെടെ അഞ്ചുപേരാണ് മരിച്ചത്. ലെസ്റ്റർ സിറ്റിയുടെ മത്സരത്തിനുശേഷം ഹോട്ടലിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. 2005 ലെ മിസ് തായലൻഡായിരുന്നു നൂർസറ ശ്രീവദനയ്ക്കൊപ്പമാണ് ജോലി ചെയ്തിരുന്നത്.