തിരുവനന്തപുരം: കിഴക്കേകോട്ടയിൽ നിർദ്ദിഷ്ട ആകാശപാത ഉപേക്ഷിക്കുന്നു. പകരം അടിപ്പാത നിർമ്മിക്കാനാണ് നഗരസഭ ആലോചിക്കുന്നത്. ആകാശപാതപ്പാതയ്ക്കുള്ള അനുമതി തിരുവനന്തപുരം റോഡ് വികസന കമ്പനി ലിമിറ്റഡ് (ടി.ആർ.ഡി.സി.എൽ) തുടർച്ചയായി നിഷേധിച്ചതോടെയാണ് പുതിയ നീക്കം. അതിനാൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കാൻ ഉദ്ദേശിക്കുന്ന അടിപ്പാതയുമായി മുന്നോട്ടുപോവാനാണ് നഗരസഭയുടെ നീക്കം.

ഗാന്ധി പാർക്കിന് മുൻപിൽ നിന്ന് ആരംഭിച്ച് ആറ്റുകാൽ ബസ് സ്റ്റോപ്പ് വരെയും അവിടെ നിന്ന് റോഡിന് കുറുകെ കോട്ടവാതിലിൽ അവസാനിക്കുന്ന വിധത്തിൽ 'എൽ' ആകൃതിയിലാണ് ആകാശപാത നിർമിക്കാൻ ഉദ്ദേശിച്ചത്. ഇവിടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ നിരവധി പേർ വാഹനമിടിച്ച് മരിച്ചതുകാരണമാണ് ആകാശപാതയെക്കുറിച്ച് ആലോചിച്ചത്.

. പദ്ധതിയുടെ കരാർ ഏറ്റെടുത്ത സ്വകാര്യ ഏജൻസിക്ക് കഴിഞ്ഞ ഒന്നര വർഷത്തിനിടെ മൂന്ന് തവണ ആകാശപാതയുടെ ഡ്രോയിംഗ് സമർപ്പിച്ചിരുന്നു. കേരള റോഡ് ഫണ്ട് ബോർഡിന് സമർപ്പിച്ച ഡ്രോയിംഗ് അവർ ടി.ആർ.ഡി.സി.എല്ലിന് കൈമാറി. തുടർന്ന് നടത്തിയ വിശദ പരിശോധനയിൽ തെറ്റായ രീതിയിലാണ് മൂന്ന് ഡ്രോയിംഗുകളെന്നും കണ്ടെത്തിയതോടെ ടി.ആർ.‌ഡി.സി.എൽ അനുമതി നൽകാതെ ഇവ തള്ളിക്കളഞ്ഞു.

പ്രതിദിനം അയ്യായിരത്തിലധികം പേർ ആകാശപാത ഉപയോഗിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നാൽ ഏജൻസി സമർപ്പിച്ച ഡ്രോയിംഗിൽ മൂന്ന് മീറ്ററാണ് നടപ്പാതയുടെ വീതി. ഇൗ വീതി അപര്യാപ്തമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. നഗരസഭയാണ് ഡ്രോയിംഗ് സമർപ്പിക്കേണ്ടതെന്ന് ടി.ആർ.ഡി.സി.എൽ പറയുന്നു. എന്നാൽ ഏജൻസിയെ ചുമതലപ്പെടുത്തിയതിനാൽ തങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞു എന്ന നിലപാടിലാണ് നഗരസഭ.

തലസ്ഥാന നഗരത്തിലെ റോഡ് വികസനത്തിനായി രൂപീകരിച്ച സ്പെഷ്യൽ പർപ്പസ് വെഹിക്കിളായ ടി.ആർ.ഡി.സി.എല്ലിന്റെ കാലാവധി 2031ൽ അവസാനിക്കും. റോഡിന്റെ നിർമാണം പൂർത്തിയായതിനാൽ പരിപാലനമാണ് ഇപ്പോൾ നടക്കുന്നത്. ആദ്യത്തെ 14 കിലോമീറ്ററിന്റെ പരിപാലനം 2021ലും അടുത്ത 15 കിലോമീറ്ററിന്റെ 2027 ലും തൊട്ടടുത്ത നാല് കിലോമീറ്ററിന്റേത് 2028 ലും അവസാനിക്കും. ഏറ്റവും ഒടുവിൽ ഒന്നര കിലോമീറ്ററിന്റെ പരിപാലനവും പൂർത്തിയാവുന്നതോടെ സർക്കാർ കാലാവധി നീട്ടുന്നില്ലെങ്കിൽ 2031ൽ കമ്പനി പിരിച്ചുവിടും.

 മാനദണ്ഡങ്ങൾ പാലിച്ചില്ല

ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ മാനദണ്ഡങ്ങൾ പാലിക്കപ്പെടാത്തതിനാൽ ആകാശപാതയുടെ ഡ്രോയിംഗിന് അനുമതി നൽകിയില്ല. അടിപ്പാത പദ്ധതിയുടെ കൃത്യമായ ഡ്രോയിംഗ് സമർപ്പിച്ചാൽ അനുമതി നൽകും.

അനിൽകുമാർ പണ്ഡാല,

എം.ഡി, ടി.ആർ.ഡി.സി.എൽ