ശിവഗിരി : ശ്രീനാരായണ ഗുരുദേവ മഹാസമാധി നവതി ആചരണത്തോടനുബന്ധിച്ച് ശിവഗിരിയിൽ നടക്കുന്ന മണ്ഡലമഹാപൂജ മഹായതി പൂജയോടെ ഇന്ന് സമാപിക്കും. ദൈവതുല്യരായ സന്യാസി ശ്രേഷ്ഠരുടെ പാദപൂജ ചെയ്‌ത്, ദക്ഷിണവച്ച് നമസ്‌കരിച്ച് സർവ അഹംഭാവങ്ങളെയും പാദാരവിന്ദങ്ങളിൽ സമർപ്പിക്കുന്നതോടെ യതിപൂജ പൂർത്തിയാവും. അതോടെ ശിവഗിരിയുടെ ചരിത്രത്തിൽ മറ്റൊരു സുവർണ അദ്ധ്യായം കൂടി ചേർക്കപ്പെടും. അത്യപൂർവമായ ചടങ്ങുകളിൽ സ്വയം സമർപ്പിക്കാൻ ഇന്നലെ സായാഹ്നം മുതൽ ഭക്തർ ശിവഗിരിയിലേക്ക് ഒഴുകുകയാണ്. ഭക്തലക്ഷങ്ങൾ യതിപൂജയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷ.
90 വർഷം മുമ്പ് ലോകത്തിന് വിളക്കാവേണ്ട ദർശനം കൈമാറി മഹാഗുരു സമാധി പ്രാപിച്ചപ്പോൾ നേർശിഷ്യർ തീരുമാനിച്ചതാണ് യതിപൂജ. ശരീരവും മനസും സമർപ്പിച്ച് ഒരുക്കങ്ങളിൽ മുഴുകിയ ശിഷ്യരെ അപ്രതീക്ഷിതമായെത്തിയ വിഘ്‌നം സങ്കടത്തിലാക്കി. യതിപൂജ മുടങ്ങിയത് ശിഷ്യന്മാർക്ക് നൊമ്പരമായെങ്കിലും ഇന്ന് ലക്ഷക്കണക്കിന് ഗുരുഭക്തരുടെ പുണ്യമായി അത് പരിണമിച്ചു.
രാവിലെ 4.30ന് ശാന്തിഹവനത്തോടെ ചടങ്ങ് തുടങ്ങും. വിശേഷാൽ പൂജയ്‌ക്കും ഗുരുപൂജയ്‌ക്കും ശേഷം ആറിന് മണ്ഡല മഹായജ്ഞ സമർപ്പണം. ഏഴിന് മഹാആരതി. ഒമ്പതിന് മഹായതിപൂജ ആരംഭിക്കും.12ന് മംഗളാരതിയോടെ ചടങ്ങുകൾ സമാപിക്കും. ശ്രീനാരായണഗുരുദേവന്റെ സമാധിദിനമായ സെപ്തംബർ 21നാണ് മണ്ഡലമഹാപൂജ തുടങ്ങിയത്.
പശ്ചാത്താപത്തിന്റെ സ്‌പർശമുള്ള യതിപൂജയിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്രും എസ്.എൻ.ഡി.പി യോഗവും കൈകോർത്താണ് പ്രവർത്തിച്ചത്. യതിപൂജ വീണ്ടും നടത്താനുള്ള മഠത്തിന്റെ തീരുമാനത്തിന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പിന്തുണയും ഉറപ്പു നൽകി. എസ്.എൻ.ഡി.പി യോഗത്തിന്റെ എല്ലാ യൂണിയനുകളിൽ നിന്നും മുൻകൂട്ടി നിശ്ചിയച്ചാണ് ശ്രീനാരായണീയരെത്തിയത്. ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവർ നേരിട്ടാണ് ഓരോ ദിവസത്തെയും ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. മറ്ര് സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും നിരവധി ഭക്തർ കഴിഞ്ഞ ദിവസങ്ങളിൽ ശിവഗിരിയിലെത്തി.