മോസ്‌കോ: സർക്കസ് കാണാൻ രക്ഷിതാവിനൊപ്പം എത്തിയ നാല് വയസുകാരിയെ സിംഹം കടിച്ചുകീറി. മോസ്കോയിൽ നിന്ന് 1250 കിലോമീറ്റർ അകലെയുള്ള ക്രാസ്നോദാർ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിലാണ്.
കുട്ടികൾക്ക് വേണ്ടി പ്രത്യേകമായി നടത്തിയ ഷോയിലായിരുന്നു അപകടം . വലയിട്ട റിംഗിൽ നടത്തിയ അഭ്യാസ പ്രകടനം അവസാനിക്കാറായതോടെയാണ് സിംഹം ആക്രമകാരിയായത്. സംഭവം കണ്ട് കാണികൾ ചിതറിയോടി. സർക്കസ് ജീവനക്കാരും പൊലീസും ചേർന്നാണ് സിംഹത്തിന്റെ പിടിയിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയത്.
മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാതെ അപകടകാരിയായ മൃഗത്തെ ഉപയോഗിച്ച് അഭ്യാസപ്രകടനം നടത്തിയതാണ് ദുരന്തത്തിനിടയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. രക്ഷിതാവിന്റെ ജാഗ്രതയില്ലായ്മയും അപകടത്തിന് കാരണമായി. സിംഹത്തെ കണ്ട് കുട്ടി വലയ്ക്ക് അരികിലേക്ക് പോയതാണ് പ്രശ്നമായത്. കുട്ടിയെ ആക്രമിച്ച സിംഹം പ്രശ്നക്കാരനായിരുന്നില്ലെന്നാണ് സർക്കസ് കമ്പനി പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു. മൃഗങ്ങളെ സർക്കസിന് ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.