നേമം : പാപ്പനംകോട് ശ്രീ ചിത്തിരതിരുനാൾ എൻജിനിയറിംഗ് കോളേജ് വളപ്പിൽ വിദ്യാർത്ഥികളും പാപ്പനംകോട് കെ.എസ്.ആർ.ടി.സി സെൻട്രൽ വർക്സ് തൊഴിലാളികളും തമ്മിൽ ഏറ്റുമുട്ടി. നിരവധിപേർക്ക് പരിക്കേറ്റു. കോളേജിന് സ്ഥലം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കെ.എസ്.ആർ.ടി.സിയുടെ 12.5 ഏക്കർ ഭൂമി കോളേജിന് പാട്ടത്തിന് നൻകാൻ സർക്കാർ നിർദ്ദേശിച്ചിരുന്നെങ്കിലും 4.9 ഏക്കർ ഭൂമി മാത്രമാണ് ഇതുവരെ വിട്ടുനൽകിയിരുന്നത്. കെ.എസ്.ആർ.ടി.സി എം.ഡിയുടെ അനുമതി ഇല്ലാത്തതിനാൽ ബാക്കി ഭൂമി വിട്ടു കൊടുത്തിരുന്നില്ല. തിങ്കളാഴ്ച ഈ സ്ഥലത്ത് സെൻട്രൽ വർക്‌സിനെയും കോളേജിനെയും വേർതിരിക്കുന്നതിന് കെ.എസ്.ആർ.ടി.സി ജീവനക്കാർ ടിൻ ഷീറ്റ് ഉപയോഗിച്ച് കെട്ടിയിട്ടുള്ള താത്കാലിക മതിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള കോളേജ് വിദ്യാർത്ഥികൾ പൊളിച്ചുമാറ്റിയിരുന്നു. ഇത് വീണ്ടും സ്ഥാപിക്കാൻ തൊഴിലാളികൾ ശ്രമിച്ചത് കോളേജ് വിദ്യാർത്ഥികൾ തടഞ്ഞതോടെയാണ് സംഘർഷത്തിന്റെ തുടക്കം.
വിദ്യാർത്ഥികളും തൊഴിലാളികളും തമ്മിൽ ഉന്തും തള്ളുമായി. വിവരമറിഞ്ഞ് പൊലീസെത്തിയെങ്കിലും ഇരുകൂട്ടരും പരസ്പരം കല്ലെറിയാൻ തുടങ്ങി. നേമം ഇൻസ്പെക്ടർ പ്രദീപ്, എസ്.ഐ സജി ഉൾപ്പെടെ 4 പൊലീസുകാർക്കും, 20 ഓളം വിദ്യാർത്ഥികൾക്കും, അസിസ്റ്റന്റ് ഡിപ്പോ എൻജിനിയർ ഉൾപ്പെടെ 15 തൊഴിലാളികൾക്കും കല്ലേറിൽ പരിക്കേറ്റു. ഇവരെ ജനറൽ ആശുപത്രിയിലും ശാന്തിവിള താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിഷയം ഇന്ന് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്യുമെന്ന് അറിയിച്ചതോടെയാണ് സ്ഥിതിഗതികൾ ശാന്തമായത്. സംഘർഷം നിയന്ത്രിക്കാൻ ഡി.സി.പി ആദിത്യ .ആർ, ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ദിനിൽ, തമ്പാനൂർ, നേമം സി.ഐമാർ, കരമന, നേമം എസ്.ഐമാർ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
കേസെടുത്തു
കെ.എസ്.ആർ.ടി.സിയുടെ താത്കാലിക മതിൽ പൊളിച്ചതിനും, സംഘർഷമുണ്ടാക്കിയതിനും ഇരുകൂട്ടർക്കുമെതിരെ കരമന പൊലീസ് കേസെടുത്തു.
കരാർ ഇങ്ങനെ
യാതൊരു പ്രകോപനവുമില്ലാതെയാണ് തൊഴിലാളികൾ കല്ലെറിഞ്ഞത്.
ഡോ. പ്രഭാകരൻ നായർ, കോളേജ് പ്രിൻസിപ്പൽ