ആദ്ധ്യാത്മിക പ്രഭാഷണങ്ങളിലൂടെ വളരെയധികം ആരാധകരെ സമ്പാദിക്കുന്ന സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവച്ചു നശിപ്പിക്കാനുള്ള നിന്ദ്യശ്രമം നടന്നിട്ട് ഏതാനും ദിവസങ്ങളായി. തലസ്ഥാന നഗരത്തിന്റെ പ്രാന്തത്തിൽ നടന്ന ഈ ആക്രമണത്തെക്കുറിച്ച് ഉന്നത പൊലീസ് സംഘം തകൃതിയായി അന്വേഷിക്കുന്നുണ്ടെങ്കിലും ഈ നീച പ്രവൃത്തിക്കു പിന്നിലെ കറുത്ത കരങ്ങൾ ആരുടേതാണെന്നതു സംബന്ധിച്ച് സൂചന പോലും ലഭിച്ചിട്ടില്ലെന്നാണ് കേട്ടത്. ആകെ കണ്ടെത്താൻ കഴിഞ്ഞത് ആശ്രമം പെട്രോൾ ഒഴിച്ചാകാം കത്തിച്ചതെന്നാണ്. ഫോറൻസിക് പരിശോധനയിൽ ഈ വിവരം സ്ഥിരീകരിച്ചിട്ടുമുണ്ട്. ശബരിമലയിൽ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന സ്വാമി സന്ദീപാനന്ദഗിരിക്കെതിരെ പല കോണുകളിൽ നിന്ന് ഭീഷണി നിലനിൽക്കുകയാണ്. ആശ്രമം തീവയ്ക്കപ്പെട്ട സംഭവത്തിനുമുൻപുതന്നെ വധഭീഷണിയും അദ്ദേഹം നേരിട്ടിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമായി കൊണ്ടാടുന്ന രാജ്യത്ത് തന്റേതായ വിശ്വാസ പ്രമാണങ്ങളുടെ പേരിൽ സ്വാമി സന്ദീപാനന്ദഗിരി എതിർ ചേരിക്കാരുടെ ശത്രുവും നോട്ടപ്പുള്ളിയുമായി മാറിയതിൽ അത്ഭുതമില്ല. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട മാദ്ധ്യമ ചർച്ചകളിൽ അദ്ദേഹം പങ്കെടുക്കുകയും തന്റെ വാദമുഖങ്ങൾ നിരത്തുകയും ചെയ്തിരുന്നു. ഏതു പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമല പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി പുറത്തുവന്ന ദിവസം മുതൽ ഈ വിഷയത്തെക്കുറിച്ച് സംസ്ഥാനത്തുടനീളം നിരന്തരം ചർച്ചകളും സംവാദങ്ങളും നടക്കുന്നുണ്ട്.
കോടതി വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും ചൂടേറിയ വാഗ്വാദങ്ങളാണ് നിത്യേന നടക്കുന്നത്. ഇത്തരം സംവാദങ്ങളിൽ ഭാഗഭാക്കായതിന്റെ പേരിൽ സ്വാമി സന്ദീപാനന്ദ ഗിരിയല്ലാതെ മറ്റാരും ആക്രമണം നേരിടേണ്ടി വന്നിട്ടില്ലെന്ന കാര്യം സ്മരണീയമാണ്. ക്ഷേത്രങ്ങളുടെ പേരിൽ പ്രക്ഷോഭങ്ങളും പ്രതിഷേധവുമൊക്കെ പതിവു കാര്യങ്ങൾ തന്നെയാണ്. എന്നാൽ ഏവരും ഓർക്കേണ്ട ഒരു കാര്യം ഇത്തരം പ്രക്ഷോഭത്തിനും വേണം ഒരു സ്വാത്വികഭാവം എന്നതാണ്. രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പതിവു സ്വഭാവത്തിലേക്ക് ക്ഷേത്ര പ്രക്ഷോഭങ്ങൾ വഴുതിപ്പോയാൽ അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ സമൂഹം ഒന്നാകെ താങ്ങേണ്ടി വരും. സ്വാമി സന്ദീപാനന്ദഗിരി ശബരിമല വിഷയത്തിൽ തന്റെ മനസിനും അറിവിനും പാണ്ഡിത്യത്തിനും നിരക്കുന്ന ആശയങ്ങളാണ് പങ്കുവച്ചത്. അതുകൊള്ളാനോ തള്ളാനോ ഉള്ള സ്വാതന്ത്ര്യം അതു കേൾക്കുന്നവർക്കുണ്ട്. ആശയപരമായിത്തന്നെ അദ്ദേഹത്തെ നേരിടാനുമാകും. അതിനു മുതിരാതെ ഇരുട്ടിന്റെ മറവിൽ കന്നാസിൽ പെട്രോളും പന്തവുമായി കടന്നുചെന്ന ആശ്രമത്തിനും വാഹനങ്ങൾക്കും തീയിട്ട നടപടി ഭീരുക്കൾക്കുമാത്രം ചേർന്നതാണ്. അദ്ദേഹത്തിന്റെ ആശയങ്ങളെയും വാദമുഖങ്ങളെയും നേരിടാനുള്ള കരുത്തില്ലാതെ വന്നതുകൊണ്ടാകാം ഇത്തരത്തിലൊരു നാണംകെട്ട പണിക്ക് ഇറങ്ങിയിട്ടുണ്ടാവുക.
ആശ്രമം ആക്രമണത്തിനുപിന്നിൽ ശബരിമല പ്രക്ഷോഭത്തിൽ ഉൾപ്പെടുന്നവരാണെന്ന് സ്വാമി ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാൽ ഈ സംഭവവുമായി തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് ബന്ധപ്പെട്ട കക്ഷികൾ പരസ്യമായി പ്രതികരിച്ചിട്ടുമുണ്ട്. സ്വാമിയുടെ മനസിലുള്ള സംശയങ്ങൾ ദൂരീകരിക്കാനും സത്യം പുറത്തുകൊണ്ടുവരാനും പൊലീസിന്റെ അന്വേഷണം കൊണ്ടേ സാദ്ധ്യമാകൂ. ജനങ്ങളും അതുതന്നെയാണ് ആഗ്രഹിക്കുന്നത്. ആശ്രമ ആക്രമണത്തിനു പിന്നിലെ ദുഷ്ടശക്തികളെ വെളിച്ചത്തുകൊണ്ടുവരികതന്നെ വേണം.
ഏതു പ്രശ്നത്തിന്റെ പേരിലുള്ള പ്രക്ഷോഭമായാലും ഇതുപോലുള്ള ഒളി ആക്രമണം കേരള സമൂഹം പണ്ടേ തള്ളിക്കളഞ്ഞതാണ്. ആശയങ്ങളെയും നിലപാടുകളെയും അതേ നാണയത്തിൽ നേരിടുമ്പോഴാണ് അത് സംസ്കാര സമ്പന്നമാകുന്നത്. ശബരിമല പ്രശ്നത്തിലെ ചേരിതിരിവും പോരാട്ടവുമൊക്കെ അതിരുവിടാതെ സൂക്ഷിക്കാനുള്ള ബാദ്ധ്യത എല്ലാവർക്കുമുണ്ട്.സമൂഹത്തിന്റെ സ്വാസ്ഥ്യവും ഭദ്രതയും നിലനിറുത്തിക്കൊണ്ടുള്ളതാകണം വിശ്വാസവുമായി ബന്ധപ്പെട്ട ഏതു പ്രക്ഷോഭവും. എതിരാളിയെ ആശയപരമായി നേരിടേണ്ടതിനുപകരം കായികമായി നേരിടുന്നത് ഇരുട്ടിന്റെ സന്തതികൾക്കുമാത്രം ചേർന്ന അധമ പ്രവൃത്തിയാണ്. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനുനേരെ നടന്ന ആക്രമണം ഈ ജനുസിൽപെട്ടതാണ്. ശുഷ്കമായ മനസും ഒഴിഞ്ഞ തലയുമുള്ളവർക്കേ ഇത്തരത്തിലൊരു ഒളിയാക്രമണത്തിനു സാധിക്കുകയുള്ളൂ എന്നു വ്യക്തം.
അക്രമികളെ ഏതറ്റംവരെയും പോയി കണ്ടുപിടിച്ച് നീതിപീഠത്തിനും ജനങ്ങൾക്കും മുന്നിൽ എത്തിക്കേണ്ട വലിയ ബാദ്ധ്യതയാണ് പൊലീസിൽ വന്നുചേർന്നിരിക്കുന്നത്. ശബരിമല പ്രശ്നം ജ്വലിച്ചുതന്നെ നിൽക്കുന്ന പശ്ചാത്തലത്തിൽ ഇതുപോലുള്ള അവിവേകം ഇനിയും ഉണ്ടായെന്നുവരാം. അങ്ങേയറ്റം ജാഗ്രത പുലർത്തുക മാത്രമാണ് ചെയ്യാനുള്ളത്. സാങ്കേതിക വൈദഗ്ദ്ധ്യമുള്ള പൊലീസുകാരെകൂടി ഉൾപ്പെടുത്തി ആശ്രമം ആക്രമണ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കാൻ പൊലീസ് ആലോചിക്കുന്നുണ്ട്. ഇതിനെക്കാൾ കുഴഞ്ഞുമറിഞ്ഞ എത്രയോ കേസുകൾക്ക് തുമ്പുണ്ടാക്കിയിട്ടുള്ള കേരള പൊലീസിന് ആശ്രമം തീവച്ച നീചന്മാരെ കണ്ടെത്താൻ കഴിയുമെന്നു തന്നെ വിശ്വസിക്കാം.