-lorence-grand-son-in

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയുടെ നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്ത് നടന്ന ഉപവാസ സമരത്തിൽ മുതിർന്ന സി.പി.എം നേതാവും മുൻ എൽ.ഡി. എഫ് കൺവീനറുമായ എം.എം.ലോറൻസിന്റെ ചെറുമകൻ മിലൻ ഇമ്മാനുവൽ ജോസഫ് പങ്കെടുത്തു. സി.പി.എം കുടുംബത്തിലെ ഇളമുറക്കാരൻ എതിർ ചേരിയിലെ സമരത്തിനെത്തിയത് ചൂടുപിടിച്ച ചർച്ചയായി.

തിരുവനന്തപുരത്ത് പ്ളസ് വൺ വിദ്യാർത്ഥിയായ മിലൻ ഇന്നലെ രാവിലെ സമരം ആരംഭിച്ചപ്പോൾ തന്നെ മുൻനിരയിൽ പി.എസ്.ശ്രീധരൻ പിള്ളയ്ക്കു സമീപം ഇരിപ്പുറപ്പിച്ചു. അത് ലോറൻസിന്റെ ചെറുമകനാണെന്ന് അറിഞ്ഞതോടെ കാമറകൾ മിലനിലേക്ക് തിരിഞ്ഞു. സർക്കാരിന്റെ നടപടികൾ ശരിയല്ലെന്നു തോന്നയതുകൊണ്ടാണ് സമരവേദിയിൽ എത്തിയതെന്ന് മിലൻ പറഞ്ഞു.സ്വന്തം ഇഷ്ടപ്രകാരമാണോ എന്ന ചോദ്യത്തിന് ' എന്റെ അപ്പൂപ്പൻ പതിനഞ്ചാം വയസിലാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. അപ്പൂപ്പന് സ്വന്തം കാഴ്ചപ്പാടുള്ളതുപോലെ എനിക്കുമുണ്ട് '- എന്നായിരുന്നു മിലന്റെ മറുപടി. ബി.ജെ.പിയിൽ ചേരുമെന്ന് മിലൻ പറഞ്ഞില്ല.മുഖ്യമന്ത്രി പിണറായി വിജയനെയും ഉമ്മൻചാണ്ടിയെയും ഇഷ്ടമാണ്. പക്ഷെ,ശബരിമല വിഷയത്തിൽ ബി.ജെ.പിക്ക് ഒപ്പമാണെന്നും മിലൻ പറഞ്ഞു.

മിലൻ മിടുക്കനായ കുട്ടിയാണെന്നും കാര്യങ്ങൾ മനസിലാക്കിയാണ് സ്വന്തം ഇഷ്ടപ്രകാരം എത്തിയതാണെന്നും പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. എം.എം.ലോറൻസിന്റെ മകൾ സർക്കാർ ജീവനക്കാരിയാണ് ഇവിടെ വന്ന് പിന്തുണ പ്രഖ്യാപിച്ചാൽ അവരുടെ ജോലിയെ ബാധിച്ചേക്കും. അതുകൊണ്ടാണ് അവർ എത്താതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.