ശിവഗിരി: ശിവഗിരിയിൽ ഇന്ന് നടക്കുന്ന മഹായതി പൂജയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആശ്രമങ്ങളിലും മഠങ്ങളിലും നിന്നുള്ള ആയിരത്തോളം സന്യാസിമാർ പങ്കെടുക്കും. ഇന്നലെ രാവിലെ ഇവർ എത്തി തുടങ്ങി.
ഹരിദ്വാർ, ഋഷികേശ്. കാശി, ബനാറസ്, തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ ദേശങ്ങളിലെ ക്ഷണിക്കപ്പെട്ട സന്യാസി ശ്രേഷ്ഠരാണ് എത്തുക.
മൈസൂറിലെ സുത്തൂർ മഠാധിപതി സ്വാമി ശിവരാത്രി ദേശീകേന്ദ്ര ഇന്നലെ രാവിലെ എത്തി മഹാസമാധി സന്ദർശിച്ചു. ആശ്രമത്തിലെ ഇരുപതോളം സന്യാസിമാരും സംഘത്തിലുണ്ട്. ഹരിദ്വാറിലെ അക്കാഡ മഠാധിപതി സ്വാമി ഗിരിധർ മഹാരാജിന്റെ നേതൃത്വത്തിൽ 25 അംഗ സന്യാസി സംഘവും ഉത്തരകാശിയിൽ നിന്ന് സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ ആചാര്യ, സ്വാമി സർവാനന്ദഗിരി ആചാര്യ എന്നിവരുടെ നേതൃത്വത്തിൽ 30 അംഗസംഘവും ഹരിഹര കൈലാസ ആശ്രമ ആചാര്യൻ സ്വാമി പ്രേമാനന്ദയുടെ നേതൃത്വത്തിലുള്ള സന്യാസി സംഘവും എത്തിച്ചേർന്നു.
കർണാടകയിലെ ആദിചുഞ്ചിനഗിരി മഹാസംസ്ഥാന ആശ്രമം, കർണാടകയിലെ ഇഡിഗമഠം ശ്രീനാരായണഗുരു മഹാസംസ്ഥാന സന്ത് സ്വാമി രേണുകാനന്ദ എന്നിവരുടെ നേതൃത്വത്തിൽ ഇരുപത്തഞ്ചോളം സന്യാസിമാരും കർണാടകയിലെ വീരശൈവലിംഗായത്ത മഠം, ഒടിയൂർ മഹാസംസ്ഥാന സന്ത്, കർണാടക, തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിലെ ശൈവപാരമ്പര്യ വിഭാഗത്തിലെ സന്യാസിമാർ, കർണാടകയിലെ സിദ്ധബസവ വീരശൈവ ലിംഗായ മഠം,ശിക്കാര്യപുര വിരക്തമഠം, ചന്നബസവ സ്വാമിജി, മുരുക രാജേന്ദ്ര എന്നിവരുടെ പങ്കാളിത്തവുമുണ്ട്. കേരളത്തിലെ പ്രധാന ആശ്രമങ്ങളിലെ സന്യാസിമാർക്കും യതിപൂജയിലേക്ക് ക്ഷണമുണ്ട്.
ഗുരുദേവന്റെ പ്രഥമ ശിഷ്യനായിരുന്ന ശിവലിംഗദാസ് സ്വാമിയുടെ (മലയാള സ്വാമി) ആന്ധ്രയിലെ വ്യാസാശ്രമ സന്യാസിമാരും ഇന്നലെ എത്തി. മഠത്തിനോട് ചേർന്നുള്ള സമ്മേളനപ്പന്തലിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് യതിപൂജാ ചടങ്ങുകൾ നടക്കുന്നത്. മഹാസമാധിയിൽ നടന്നുവന്ന വിശ്വശാന്തിയജ്ഞം ഇന്ന് രാവിലെ ഏഴിനും വൈദിക മഠത്തിൽ നടന്നുവരുന്ന അഖണ്ഡനാമജപം ഉച്ചയ്ക്ക് ഒരുമണിക്കും സമാപിക്കും.