ചിറയിൻകീഴ്: മംഗലപുരത്ത് 22 വർഷമായി പ്രവർത്തിക്കുന്ന കാൻസർ നിരീക്ഷണ കേന്ദ്രം അടച്ചുപൂട്ടുന്നതിനെതിരെ യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഡെപ്യൂട്ടി സ്‌പീക്കറുടെ ചിറയിൻകീഴിലെ ഓഫീസിലേക്ക് നടന്ന മാർച്ചിലും ധർണയിലും സംഘർഷം. നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. വലിയകട ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് പൊലീസ് ഈഞ്ചയ്‌ക്കൽ ജംഗ്ഷനിൽ തടഞ്ഞു. പൊലീസ് വലയം ഭേദിച്ച പ്രവർത്തകർ ഡെപ്യൂട്ടി സ്‌പീക്കറുടെ ഓഫീസിൽ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു. തുടർന്ന് പൊലീസ് ലാത്തിവീശുകയായിരുന്നു. യൂത്ത് കോൺഗ്രസ് നേതാക്കളായ മുട്ടപ്പലം സജിത്ത്, തോന്നയ്ക്കൽ സജാദ്, വേങ്ങോട് കിഷോർ, അച്ചു എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ പ്രതിഷേധിച്ച് പ്രവർത്തകർ ഡെപ്യൂട്ടി സ്‌പീക്കറുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്നു.
തുടർന്ന് നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്. കൃഷ്‌ണകുമാർ ഉദ്ഘാടനം ചെയ്‌തു. സ്ഥാപനത്തെ നിലനിറുത്താൻ തയ്യാറാകുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുട്ടപ്പലം സജിത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കളായ അഡ്വ. രാജേഷ് ബി. നായർ, മോനി ശാർക്കര, ഗോപിനാഥൻപിള്ള, വി. ബാബു, അഴൂർ വിജയൻ, എ.ആർ. നിസാർ, കെ. ഓമന, വി.കെ.ശശിധരൻ, അഡ്വ. സ്റ്റീഫൻസൺ, അജു കൊച്ചാലുമൂട്, ഷെമീർ കിഴുവിലം, മാടൻവിള നൗഷാദ്, മനു കൃഷ്ണൻ, ഷിബു തോന്നയ്‌ക്കൽ, കബീർ തടത്തിൽ, ജെ. ശശി, മോനിഷ്, രഞ്ജിത്ത് പെരുങ്ങുഴി, കടയക്കാവൂർ കൃഷ്ണകുമാർ, പൂവക്കാട് സുമേശ്, റഹിം, കടയ്ക്കാവൂർ അശോകൻ, അഖിലേഷ് നെല്ലിമൂട് തുടങ്ങിയവർ പങ്കെടുത്തു.