വിതുര: വിതുര തൊളിക്കോട് പഞ്ചായത്തുകളിലെ മിക്ക മേഖലകളിലെയും തെരുവ് വിളക്കുകൾ കത്താതായിട്ട് മാസങ്ങളായി. രണ്ട് മാസമായി ഇതാണ് സ്ഥിതി. വഴിവിളക്കുകൾ കത്താതായതോടെ രാത്രികാലങ്ങളിൽ പ്രധാന ജംഗ്ഷനുകൾ വരെ ഇരുട്ടിലാണ്. ജോലികഴിഞ്ഞും മറ്റും രാത്രികാലങ്ങളിൽ ഇവിടെ ബസിറങ്ങുന്നവർ ഇരുട്ടി. തപ്പേണ്ട അവസ്ഥയാണ്. തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനും മറ്റും പഞ്ചായത്ത് ബഡ്ജറ്റിൽ ലക്ഷക്കണക്കിന് രൂപയാണ് വകയിരുത്തിയിട്ടുള്ളത്. എന്നാൽ നിലവിലെ പ്രവർത്തനം നിലച്ച തെരുവ് വിളക്കുകൾ നന്നാക്കാനുള്ള നടപടികൾ ഇതുവരെ നടന്നിട്ടില്ല. തെരുവുവിളക്കുകൾ കത്താതായതോടെ പഞ്ചായത്ത് അധികൃതർക്ക് പല തവണ പരാതി നല്കിയിട്ടും നടപടിസ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രധിഷേധമാണ് ഉയരുന്നത്. വിതുര,തൊളിക്കോട് പഞ്ചായത്തുകളിലെ തെരുവ് വിളക്കുകൾ അടിയന്തരമായി പ്രകാശിപ്പിക്കുവാൻ നടപടികൾ സ്വീകരിക്കണമെന്ന് കോൺഗ്രസ് എെ വിതുര, തൊളിക്കോട് മണ്ഡലം കമ്മിറ്റികൾ ആവശ്യപ്പെട്ടു. സത്വര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് മണ്ഡലം പ്രസിഡന്റുമാരായ പാക്കുളം അയൂബും, ചായം സുധാകരനും അറിയിച്ചു.
ഇരുളിന്റെ മറവിൽ മോഷണവും
തൊളിക്കോട് വിതുര പഞ്ചായത്തുകളിൽ അടുത്തിടെ നിരവധി മോഷണങ്ങൾ നടന്നു. മൂന്ന് പ്രധാന ക്ഷേത്രങ്ങളിലും അനവധി വീടുകളിലും വ്യാപാരസ്ഥാപനങ്ങളിൽ നിന്നുമായി കള്ളൻമാർ സ്വർണവും പണവും മോഷ്ടിച്ചു. ക്ഷേത്രത്തിലും വീടുകളിലും കവർച്ച നടത്തിയ മോഷ്ടാക്കളെ ഇനിയും പിടികൂടാനായിട്ടില്ല. റബർഷീറ്റ്, കാർഷികവിളകൾ എന്നിവ പതിവായി മോഷണം പോകുന്നതായും പരാതിയുണ്ട്. തെരുവ് വിളക്കുകൾ മിഴിയടച്ചത് കള്ളന്മാർക്ക് ഉപകാരമായ മട്ടാണ്.
മാലിന്യവും വലിച്ചറിയുന്നു
ഇരുട്ടിന്റെ മറവിൽ ഇറച്ചി മാലിന്യം വലിച്ചെറിയുന്നത് നിത്യ സംഭവമാണ്. തൊളിക്കോട്, വിതുര, ആര്യനാട് പഞ്ചായത്തുകളിൽ മാലിന്യനിക്ഷേപവും രൂക്ഷമാണ്. പ്രധാനപാതയോരങ്ങളിൽവരെ രാത്രിയിൽ ഇറച്ചി വേസ്റ്റ് ഉൾപ്പടെയുള്ള മാലിന്യം വലിച്ചെറിയുകയാണ്. നേരം വെളുത്തുകഴിഞ്ഞാൽ മാലിന്യ കൂമ്പാരത്തിന്റെ അളവ് ഓരോ ദിവസവും വർദ്ധിച്ചുവരികയാണ്.
ജംഗ്ഷനുകൾ നായ്ക്കളുടെ പിടിയിൽ
വിതുര പഞ്ചായത്തിലെ പ്രധാന ജംഗ്ഷനുകളായ വിതുര കലുങ്ക് ജംഗ്ഷൻ, ചന്തമുക്ക്, ശിവൻകോവിൽജംഗ്ഷൻ, തേവിയോട്, ആനപ്പാറ, കല്ലാർ, ജഴ്സിഫാം, ചേന്നൻപാറ, തുടങ്ങി നിരവധി പ്രദേശങ്ങൾ തെരുവ് നായ്ക്കളുടെ പിടിയിലാണ്. രാത്രികാലങ്ങളിൽ ഇരുട്ടിന്റെ മറവിൽ ഇവിടെ വലിച്ചെറിയുന്ന ഇരച്ചി മാലിന്യം ഉൾപ്പടെയുള്ളവ ഭക്ഷിക്കാൻ എത്തുന്ന തെരുവ് നായ്ക്കൾ പിന്നീട് ഇവിടെത്തന്നെ കൂടുകയാണ്. ഇൗ ജംഗ്ഷനുകളിൽ രാത്രിയിൽ ബസിറങ്ങുന്നവർ സൂക്ഷിച്ചില്ലെങ്കിൽ തെരുവ് നായകളുടെ കടി ഉറപ്പാണ്. അനവധി പേർ രാത്രിയിൽ നായകളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.