gov

തിരുവനന്തപുരം:തടവുകാരെ വിട്ടയയ്ക്കുന്നതിനുള്ള ഗവർണറുടെ ഭരണഘടനാപരമായ അധികാരം പുനഃസ്ഥാപിച്ചുകിട്ടാൻ ഹൈക്കോടതിയിൽ സർക്കാർ റിവ്യൂഹർജി ഫയൽചെയ്തു. ഭരണഘടനയുടെ 161-ാം അനുച്ഛേദപ്രകാരം ശേഷിക്കുന്ന ശിക്ഷാകാലാവധി ഇളവുചെയ്ത് ഏതുതടവുകാരനെയും വിട്ടയയ്ക്കാൻ ഗവർണർക്ക് അധികാരമുണ്ട്. 72-ാം അനുച്ഛേദപ്രകാരം രാഷ്ട്രപതിക്കും ഇതേ അധികാരമുണ്ട്. എന്നാൽ ഗവർണർ തീരുമാനമെടുത്തശേഷം ശിക്ഷായിളവിനുള്ള ഫയൽ കോടതിയിൽ സമർപ്പിക്കണമെന്നും കോടതിയുടെ അനുമതിയോടെയേ തടവുകാരെ വിട്ടയയ്ക്കാവൂ എന്നും കഴിഞ്ഞ ജൂലായിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നീക്കാൻ റിവ്യൂഹർജി നൽകണമെന്ന് ഗവർണർ പി. സദാശിവം സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ഇതുപ്രകാരം വെള്ളിയാഴ്ച റിവ്യൂഹ‌ർജി നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഹർജി നവംബർ 26ന് പരിഗണിക്കും.

ശിക്ഷയിളവ് നൽകാനുള്ള ഭരണഘടനാപരമായ അധികാരത്തിൽ ഹൈക്കോടതി ഇടപെട്ടെന്ന് വിലയിരുത്തി, മഹാത്മാഗാന്ധിയുടെ 150-ാം ജയന്തിക്ക് തടവുകാർക്ക് ശിക്ഷയിളവിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് അനുവദിക്കാനുള്ള ഫയൽ ഗവർണർ സർക്കാരിലേക്ക് മടക്കിഅയച്ചിരുന്നു. ഗവർണർ ഒപ്പിടാത്തതിനാൽ ഗാന്ധിജയന്തിക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് കേരളത്തിൽ മാത്രം നടപ്പായില്ല.

മാറാരോഗം പരിഗണിച്ച് തന്നെ വിട്ടയയ്ക്കണമെന്ന തടവുകാരന്റെ ഹർജി പരിഗണിച്ചപ്പോഴാണ്, ശിക്ഷായിളവിനുള്ള ഗവർണറുടെ ഉത്തരവ് നടപ്പാക്കാൻ ഹൈക്കോടതിയുടെ അനുമതി വേണമെന്ന ഉത്തരവുണ്ടായത്. ഈ വ്യവസ്ഥ എ.ജി കോടതിയിൽ അംഗീകരിച്ചിരുന്നതിനാൽ മൂന്നുമാസമായിട്ടും റിവ്യൂഹർജി ഫയൽചെയ്തിരുന്നില്ല. പിന്നീട് തടവുകാരുടെ മോചനത്തിന് സർക്കാർ അനുമതി തേടിയപ്പോഴാണ് ഗവർണർ കടുത്ത നിലപാടെടുത്തത്. റിവ്യൂഹർജി നൽകുംവരെ ഈവിഷയത്തിലെ ഫയലുകളിൽ തീരുമാനമെടുക്കില്ലെന്നായിരുന്നു ഗവർണറുടെ നിലപാട്. ഇതേത്തുടർന്നാണ് റിവ്യൂഹർജി നൽകാൻ സർക്കാർ തീരുമാനമെടുത്തത്. കേരളപ്പിറവിയുടെ വജ്രജൂബിലി പ്രമാണിച്ച് 739 തടവുകാർക്ക് ശിക്ഷയിളവ് നൽകാനുള്ള തീരുമാനം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഗാന്ധിജയന്തിക്കുള്ള പൊതുമാപ്പ് ഈ കേസിനെ ബാധിക്കുമോയെന്നും ഗവർണർ ആരാഞ്ഞിട്ടുണ്ട്. മൂന്ന് സെൻട്രൽ ജയിലുകളിലെയും ചീമേനി തുറന്ന ജയിലിലെയും 36 തടവുകാരാണ് മോചനത്തിനുള്ള പട്ടികയിലുണ്ടായിരുന്നത്.

''ഗവർണറുടെ ആവശ്യപ്രകാരം സർക്കാർ റിവ്യൂഹർജി നൽകിയിട്ടുണ്ട്. നവംബറിൽ ഹർജി പരിഗണിക്കും''

-മുഖ്യമന്ത്രിയുടെ ഓഫീസ്