pre

കിളിമാനൂർ: ജില്ലയിലെ പ്രീ സ്‌കൂൾ വിദ്യാഭ്യാസം മികച്ചതാക്കാൻ സമഗ്രശിക്ഷാ നൂതന പദ്ധതിക്ക് തുടക്കമിടുന്നു. സർക്കാർ ഓണറേറിയം ലഭിക്കുന്ന 30 പ്രീ സ്‌കൂളുകളെയാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത്. 30 പഞ്ചായത്തുകളിൽ നിന്ന് തിരഞ്ഞെടുത്ത സ്‌കൂളുകളെ ലീഡ് സ്‌കൂളായി നിലനിറുത്തും. മറ്റ് പ്രീ സ്‌കൂളുകളിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല ലീഡ് സ്‌കൂളുകൾക്ക് നൽകും.


വരും വർഷങ്ങളിൽ പഞ്ചായത്തിലെ മോഡൽ പ്രീ സ്‌കൂൾ, പരിശീലന കേന്ദ്രം എന്നീ നിലകളിലേക്ക് ഉയരേണ്ട സ്ഥാപനമായാണ് ലീഡ്‌ സ്കൂളിനെ വിഭാവനം ചെയ്യുന്നത്. അംഗീകൃത പ്രീ സ്‌കൂളുകൾ, അംഗൻവാടികൾ,ഏജൻസികൾ വഴി പ്രവർത്തിക്കുന്ന പ്രീ പ്രൈമറി സെന്ററുകൾ എന്നിവയെല്ലാം ഭാവിയിൽ ഈ സ്‌കൂളിന്റെ ലീഡ് സ്‌കൂളുകളായിരിക്കും. ശിശു സൗഹൃദ പ്രീ സ്‌കൂളുകളായി ഉയർത്താനുള്ള പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്.

 മാസ്റ്റർ പ്ലാൻ നവംബർ 10ന് മുൻപ്

വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ മാർഗരേഖ പ്രകാരമാണ് ഈ അക്കാഡമിക് വർഷം നടത്തേണ്ട പ്രവർത്തനങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. ലീഡ് സ്‌കൂളുകളെ ശാക്തീകരിക്കുന്നതിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്ന പ്രക്രിയയാണ് ആദ്യം. ലീഡ് സ്‌കൂളുകളായി തിരഞ്ഞെടുത്ത വിദ്യാലയങ്ങളിലെ പ്രഥമാദ്ധ്യാപകർ, പ്രീ സ്‌കൂൾ അദ്ധ്യാപകർ, എസ്.എം.സി അംഗങ്ങൾ, വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങി വിദ്യാലയത്തിലെ അഞ്ച് പ്രതിനിധികൾക്ക് വീതം 5 ദിവസത്തെ പരിശീലനം നൽകും. തുടർന്ന് ഓരോ ലീഡ് സ്‌കൂളും നവംബർ 10ന് മുൻപ് മാസ്റ്റർ പ്ലാൻ തയ്യാറാക്കും.പദ്ധതി നടത്തിപ്പിനാവശ്യമായ ധനസഹായം സമഗ്ര ശിക്ഷാ കേരളമാണ് നൽകുന്നത്. ഗ്രാമ, ജില്ലാ പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് ക്ലസ്റ്റർ അധിഷ്ഠിത പ്രീ സ്‌കൂൾ പദ്ധതി നടപ്പാക്കുന്നത്.

 ആദ്യ ശില്പശാല കിളിമാനൂരിൽ

ജില്ലയിലെ ആദ്യ ശില്പശാല കിളിമാനൂർ ബി.ആർ.സിയിൽ ആരംഭിച്ചു. ഉപജില്ലയിലെ കിളിമാനൂർ ഗവ.എൽ.പി, മടവൂർ സി.എൻ.പി.എസ് ഗവ എൽ.പി, പുളിമാത്ത് ഗവ എൽ.പി സ്‌കൂളുകളാണ് ലീഡ് സ്‌കൂളുകളായി തിരഞ്ഞെടുത്തിരിക്കുന്നത്. അഞ്ച് ദിവസത്തെ ശില്പശാല കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജലക്ഷ്മി അമ്മാൾ ഉദ്ഘാടനം ചെയ്തു.സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ. പ്രമോദ്, ജില്ലാ പ്രോജക്ട് ഓഫീസർ ബി. ശ്രീകുമാരൻ, പ്രോഗ്രാം ഓഫീസർ ഡി.ഫ്‌ ളവർ ഷാർലറ്റ്, എ.ഇ.ഒ വി. രാജു, ബി.പി.ഒ എം.എസ്. സുരേഷ് ബാബു, ഡയറ്റ് ഫാക്കൽട്ടി ഡോ. ടി.ആർ. ഷീജാ കുമാരി, ആർ.പി. ജയകുമാരൻ ആശാരി എന്നിവർ പങ്കെടുത്തു. രണ്ടാം ഘട്ട പരിശീലനം നവംബർ അഞ്ചിന് ബാലരാമപുരം ബി.ആർ.സിയിൽ ആരംഭിക്കും