തിരുവനന്തപുരം: ഡിസംബർ ഏഴു മുതൽ 13 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നാളെ തുടങ്ങും. ചലച്ചിത്ര അക്കാഡമിയുടെ കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, തിരുവനന്തപുരം മേഖലാകേന്ദ്രങ്ങളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. നവംബർ 7 വരെ രജിസ്ട്രേഷൻ കൗണ്ടറുകൾ പ്രവർത്തിക്കും. 2000 രൂപയാണ് ഫീസ്.
ഓരോ മേഖലാകേന്ദ്രങ്ങളിൽ നിന്നും 500 പാസുകളാണ് വിതരണം ചെയ്യുന്നത്. ഇതിൽ 175 പാസുകൾ 50 വയസിനു മുകളിലുള്ളവർക്കും 25 പാസുകൾ ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കുമാണ്. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരണം. മുൻ വർഷങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ രജിസ്ട്രേഷൻ നമ്പർ, ഇ-മെയിൽ വിലാസം, രജിസ്റ്റേർഡ് മൊബൈൽ നമ്പർ ഇവയിൽ ഏതെങ്കിലുമൊന്ന് അറിയിച്ചാൽ മതി. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് രജിസ്ട്രേഷൻ.
ഓൺലൈൻ രജിസ്ട്രേഷൻ 10ന് ആരംഭിക്കും. വിദ്യാർത്ഥികൾക്ക് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാൻ മാത്രമേ അനുവദിക്കൂ.