മലയിൻകീഴ് : കാട്ടാക്കട മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളാകുന്ന പദ്ധതിയുടെ പ്രഖ്യാപനം കേരളപ്പിറവി ദിനത്തിൽ പേയാട് സെന്റ് സേവ്യേഴ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളും പ്രകൃതി സൗഹൃദ ഹരിത വിദ്യാലയങ്ങളാകുന്നതെന്ന് ഐ. ബി.സതീഷ് എം.എൽ.എ. വാർത്താ സമ്മേളനത്തിൽ പറഞ്ഞു.മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന 'വറ്റാത്ത ഉറവക്കായി ജലസമൃദ്ധി 'പദ്ധതിയുടെ ഭാഗമായാണ് ഹരിത വിദ്യാലയങ്ങളിലേക്കുള്ള ചുവടുവയ്‌പ്പ് .എല്ലാ സ്കൂളുകളിലും കുട്ടികളുടെ നേതൃത്വത്തിൽ ജല ക്ലബ്ബുകൾ രൂപീകരിക്കും.ശുചിത്വ പരിപാലനവും, ജൈവ പച്ചക്കറി കൃഷിയും നടപ്പിലാക്കിയിട്ടുണ്ട്.ജൈവ,അജൈവ മാലിന്യ സംസ്കരണത്തിനായുള്ള പദ്ധതികൾ ഓരോ സ്കൂളിലും നടപ്പാക്കിയാണ് ഹരിത വിദ്യാലയ പ്രഖ്യാപനത്തിലേക്ക് എത്തിയത്. നവംബർ 1 ന് രാവിലെ 9.30 ന് നടക്കുന്ന ചടങ്ങിൽ ഐ. ബി. സതീഷ് എം. എൽ.എ അദ്ധ്യക്ഷത വഹിക്കും.വാർത്താ സമ്മേളനത്തിൽ നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. ശകുന്തളകുമാരി, വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, ഭൂവിനിയോഗ ബോർഡ് കമ്മീഷണർ എ.നിസാമുദ്ദീൻ എന്നിവരും പങ്കെടുത്തു.
.