ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രോജക്ടിന്റെ നേതൃത്വത്തിൽ നടത്തിയ തരിശുനില നെൽകൃഷിയുടെ കൊയ്ത്തുത്സവം നടന്നു. ഇടയ്ക്കോട് കട്ടയിൽക്കോണത്ത് 60 സെന്റ് സ്ഥലം പാട്ടത്തിനെടുത്താണ് നെൽക്കൃഷി നടത്തിയത്. 'പ്രത്യാശ' ഇത്തിൽപ്പെട്ട നെൽവിത്ത് ഉപയോഗിച്ച് ജൈവ വളപ്രയോഗരീതിയിൽ നടത്തിയ നെൽക്കൃഷിക്ക് നൂറുമേനി വിളവ് ലഭിച്ചു.ഞാറുനടീൽ മുതലുള്ള നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളിലെ പ്രവർത്തനങ്ങളെല്ലാം കുട്ടികളുടെ നേതൃത്വത്തിലാണ് നടന്നത്. മുദാക്കൽ കൃഷിഭവന്റെ സാങ്കേതിക സഹായവും മുതിർന്ന കർഷകനായ രഘുനാഥന്റ നിർദ്ദേശങ്ങളും കുട്ടികൾക്ക് ഏറെ സഹായകമായി. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകുമാരി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം വി.ടി. സുഷമാദേവി, കൃഷി ഓഫീസർ മണികണ്ഠൻ നായർ, സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ, പാടശേഖര സമിതി കൺവീനർ ശശിധരൻ, രഘുനാഥൻ, അദ്ധ്യാപകനായ എൻ.സാബു എന്നിവർ പങ്കെടുത്തു.