തിരുവനന്തപുരം: ജീവിതത്തിന്റെ ഇന്നിംഗ്സിൽ 75 വർഷം പൂർത്തിയാക്കുന്നത് ഒരു സംഭവമല്ല. 74ൽ നിന്ന് 75 വയസിലേക്ക് കടക്കുമ്പോൾ ഒരു വയസ് കൂടി ജീവിതത്തിൽ പിന്നിടുന്നു എന്നതിൽ കവിഞ്ഞൊരു പ്രസക്തി ജന്മദിനങ്ങൾക്കുമുണ്ടെന്ന് തോന്നുന്നില്ല. എന്നാൽ, ഉമ്മൻചാണ്ടിയിലേക്ക് നോക്കുമ്പോൾ അതിനപ്പുറത്തേക്കുണ്ട് കാര്യങ്ങൾ. സാദ്ധ്യതകളെ കലയാക്കി മാറ്റാനുള്ള രാഷ്ട്രീയബുദ്ധി ആവോളം നിറച്ചുവച്ച മസ്തിഷ്കം പേറി അരനൂറ്റാണ്ടിലേറെ കേരളരാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടി നിറഞ്ഞുചിരിക്കുന്നത് അങ്ങനെയാണ്.

അതുകൊണ്ട് 74-ാം വയസിൽ കണ്ട ഉമ്മൻ ചാണ്ടിയല്ല 75-ാം വയസിൽ നിൽക്കുന്നത്. കേരള രാഷ്ട്രീയത്തിന്റെ നാലതിരുകളിൽ നിന്ന് ദേശീയ രാഷ്ട്രീയത്തിന്റെ വിഹായസിലേക്ക് ഉമ്മൻചാണ്ടി പറന്നുചെന്ന മാറ്റത്തിന്റെ വർഷം. സാദ്ധ്യതകളെ കലയാക്കി മാറ്റിയെന്നത് വെറുമൊരു ആലങ്കാരികപ്രയോഗമല്ലെന്ന് ആന്ധ്ര കോൺഗ്രസിന്റെ ചുമതലക്കാരനായി ഉമ്മൻചാണ്ടി തെളിയിച്ചിരിക്കുന്നു. ആന്ധ്രയിൽ ഉമ്മൻ ചാണ്ടിയെ മുന്നിൽ നിറുത്തിയാലുണ്ടാകുന്ന ആൾക്കൂട്ടം കോൺഗ്രസ് ദേശീയ നേതൃത്വത്തെ പോലും അതിശയിപ്പിക്കുന്നു.

മുൻ മുഖ്യമന്ത്രി എന്ന പേരിൽ മാത്രം 74-ാം വയസിൽ ഒതുങ്ങിനിന്ന ഉമ്മൻചാണ്ടി 75-ാം വയസിൽ എ.ഐ.സി.സി ജനറൽസെക്രട്ടറിയും കോൺഗ്രസ് പ്രവർത്തകസമിതി അംഗവുമാണ്.

ആന്ധ്രയിൽ കോൺഗ്രസിന് പഴയ പ്രതാപമോ നിറമോ ഇന്ന് അവകാശപ്പെടാനാവില്ല. ജീവനറ്റ് നിന്നിരുന്ന പാർട്ടിക്ക് വലുതായില്ലെങ്കിലും ചലനമുണ്ടാക്കാൻ ഉമ്മൻചാണ്ടിയുടെ വരവിലൂടെ സാധിച്ചിരിക്കുന്നുവെന്ന് രാഹുൽഗാന്ധി പോലും വിശ്വസിക്കുന്നുണ്ട്.

തിരക്കിന്റെ പര്യായമാണ് ഉമ്മൻചാണ്ടി. ഇന്ന് 75-ാം പിറന്നാൾ ദിനത്തിലും അതുതന്നെ സ്ഥിതി. രാവിലെ തിരുവനന്തപുരത്തുണ്ട്. ആഘോഷമില്ല. പറയാൻ ന്യായീകരണമുണ്ട്.

ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനമാചരിക്കുമ്പോൾ എങ്ങനെ ആഘോഷിക്കും? അല്ലെങ്കിലും ജന്മദിനാഘോഷങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി തിരക്കിലമരുന്നയാളാണ് ഈ നേതാവ്. ഇന്ന് പകൽ തിരുവനന്തപുരത്തുണ്ടെങ്കിലും രാത്രി 7ന് ഡൽഹിക്ക് പോകും, പാർട്ടി കാര്യങ്ങൾക്കായി.