ദുബായ് : ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ - പാകിസ്ഥാൻ ക്രിക്കറ്റർ ഷൊയ്ബ്‌മാലിക്ക് ദമ്പതികർക്ക് ആൺ കുഞ്ഞ് പിറന്നു. ഇന്നലെ ട്വിറ്ററിലൂടെ ഷൊയ്ബ് മാലിക്കാണ് ഈ സന്തോഷ വാർത്ത പുറത്തുവിട്ടത്.
2010 ലാണ് ഇരുവരും വിവാഹിതരായത്. 31 കാരിയായ സാനിയ ഈ വർഷം ഏപ്രിലിലാണ് ഗർഭവാർത്തകൾ പുറത്തുവിട്ടത്. കുഞ്ഞിന്റെ പേര് താരദമ്പതികൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ പേരിനൊപ്പം 'മിർസ മാലിക്ക്' എന്ന് ചേർക്കുമെന്ന് ഏപ്രിലിൽ തന്നെ സാനിയ അറിയിച്ചിരുന്നു.
വിവാഹശേഷവും സാനിയ ടെന്നിസ് രംഗത്ത് തുടർന്നിരുന്നു. പ്രസവത്തിനായി കളിക്കളത്തിൽ നിന്ന് വിട്ടു നിൽക്കുന്ന സാനിയ 2020 ടോക്കിയോ ഒളിമ്പിക്സ് ലക്ഷ്യമാക്കി തിരിച്ചുവരുമെന്നാണ് അറിയുന്നത്. ഒരു ഡബ്ളിയു.ടി.എ ടൂർണമെന്റിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ ടെന്നിസ് താരമാണ് സാനിയ.
ആൾ റൗണ്ടറായ ഷൊയ്ബ് മാലിക്ക് ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ പാകിസ്ഥാൻ ടീമിന്റെ നെടും തൂണുകളിലൊരാളാണ്. 36 കാരനായ മാലിക്ക് 2015ൽ ടെസ്റ്റിൽ നിന്ന് വിരമിച്ചിരുന്നു.