കാര്യവട്ടം ഏകദിനത്തിനായി ഇന്ത്യ,വിൻഡീസ് ക്രിക്കറ്റ് താരങ്ങൾ തലസ്ഥാനത്ത്
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും എത്തുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തെ ആവേശത്തോടെ വരവേൽക്കാൻ തലസ്ഥാനം തയ്യാർ. നാളെ കാര്യവട്ടം സ്പോർട്സ് ഹബിൽ നടക്കുന്ന മത്സരത്തിനായി ഇന്ത്യ, വെസ്റ്റ് ഇൻഡീസ് ടീമുകളും മാച്ച് ഒഫിഷ്യൽസും ഇന്നലെ തിരുവനന്തപുരത്തെത്തി. ഇരു ടീമുകൾക്കും ആരാധകരും കെ.സി.എ ഭാരവാഹികളും ചേർന്ന് ആവേശോജ്ജ്വല സ്വീകരണം നൽകി. അഞ്ചു മത്സര പരമ്പരയിലെ വിജയികളെ തീരുമാനിക്കുന്ന നിർണ്ണായക മത്സരം എന്ന നിലയ്ക്ക് നാളത്തെ മത്സരത്തിന് ആവേശം കൂടും. വിരാട് കൊഹ്‌ലിയുടെ ഇന്ത്യൻ ടീം പരമ്പര വിജയത്തിനും ജാസൺ ഹോൾഡറുടെ വിൻഡീസ് വിജയത്തോടെ പരമ്പര സമനിലയാക്കാനുമായി കളത്തിലിറങ്ങുമ്പോൾ ഉശിരൻ പോരാട്ടം ഉറപ്പ്.നാളെ ഒന്നര മുതലാണ് മത്സരം ആരംഭിക്കുക. 11 മുതൽ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കും.
കൊഹ്‌ലിയെ കെ.സി.എ ആദരിക്കും.
ഏകദിനത്തിൽ 10,000 റൺസ് തികച്ച ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയെ കെ.സി.എ ആദരിക്കും. സ്വകാര്യ ചടങ്ങിൽ വെച്ച് കോലിക്ക് കെ.സി.എ ഭാരവാഹികൾ ഉപഹാരം സമ്മാനിക്കും.
ആവേശ സ്വീകരണം
പരമ്പരയിലെ വിജയികളെ തീരുമാനിക്കുന്ന മത്സരത്തിനായി എത്തിയ ഇന്ത്യൻ ടീമിന് തലസ്ഥാനത്ത് ആവേശോജ്ജ്വല സ്വീകരണം. വിമാനത്താവളത്തിൽ തടിച്ചുകൂടിയ യുവാക്കൾ ആർപ്പുവിളികളോടെയും മുദ്രാവാക്യം വിളികളോടെയുമാണ് താരങ്ങളെ വരവേറ്റത്.
നാലാം ഏകദിനം കഴിഞ്ഞ് മുംബൈയിൽ നിന്നും ഒരു മണിക്കൂറോളം വൈകി ഒന്നരയോടെ ചാർട്ടേഡ് വിമാനത്തിലാണ് ടീമുകൾ എത്തിയത്. കേരള ക്രിക്കറ്റ് അസോസിയേഷൻ സജൻ.കെ.വർഗീസ്, ട്രഷറർ കെ.എം.അബ്ദുറഹിമാൻ, കെസിഎ അംഗം ജാഫർ സേട്ട്, ജസ്റ്റിൻ, സാജൻ.കെ.വറുഗീസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
രാവിലെ മുതൽ യുവാക്കളുടെ വൻ സംഘം വിമാനത്താവളത്തിൽ ഇഷ്ടതാരങ്ങളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഒന്നേമുക്കാലിനാണ് ക്രിക്കറ്റ് താരങ്ങൾ പുറത്തേക്ക് വന്നത്. ഇരുഭാഗത്തും ബാരിക്കേഡുകൾ തീർത്ത് പൊലീസ് താരങ്ങൾക്ക് വഴിയൊരുക്കി. ആദ്യം പുറത്തേക്ക് വന്നത് ഇന്ത്യൻ കോച്ച് രവിശാസ്ത്രിയാണ്. തൊട്ടുപിറകെ കാത്തിരുന്ന താരം എത്തി. ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലി. അതോടെ ആവശം ആർപ്പുവിളിക്ക് വഴിമാറി. കൊഹ്‌ലിക്കും ടീം ഇന്ത്യക്കും ജയ് വിളി തുടരുന്നതിനിടെ വൈസ് ക്യാപ്ടൻ രോഹിത് ശർമ്മയും അമ്പാട്ടി റായിഡു, യുസ്‌വേന്ദ്ര ചഹൽ തുടങ്ങിയവരും പുറത്തേക്ക് വന്നു. ധോണി എത്തിയതോടെ വീണ്ടും ആർപ്പുവിളി ഉയർന്നു.
കൊഹ്‌ലിക്കും ധോനിക്കും ഒപ്പം കഴിഞ്ഞ ദിവസം സെഞ്ച്വറി നേടിയ രോഹിത് ശർമ്മയ്ക്കും വേണ്ടിയും മുദ്രാവാക്യം വിളി ഉയർന്നു. ഇടയക്ക് സച്ചിന്റെ പേരിലും മുദ്രാവാക്യം വിളി ഉയർന്നു. ഇന്ത്യൻ ടീമിന് തൊട്ടുപിന്നാലെ വെസ്റ്റ്ഇൻഡീസ് ടീമംഗങ്ങളും പുറത്തേക്ക് വന്നു. ഇവരെയും ആരവങ്ങളോടെയാണ് കാണികൾ സ്വീകരിച്ചത്.
കളിക്കാർ കയറിയ ബസ്സിന് ചുറ്റും ചിത്രങ്ങളെടുക്കാനുള്ള കാണികളുടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് ഏറെ പണിപ്പെടേണ്ടി വന്നു. താരങ്ങൾ ആരാധകർക്ക് നേരെ കൈവീശിയതോടെ ഉച്ചത്തിൽ ആരവം മുഴങ്ങി. സെൽഫിയും വീഡിയോയും എടുത്ത് യുവാക്കൾ ഇന്ത്യൻ ടീം ഇരുന്ന ബസ്സിനുചുറ്റും നിറഞ്ഞു. വിമാനത്താവളത്തിൽ നിന്നും താമസസൗകര്യം ഒരുക്കിയിട്ടുള്ള കോവളം ഹോട്ടൽ ലീല ഹോട്ടലിലേക്കാണ് ടീമംഗങ്ങൾ പോയത്.
ഹോട്ടലിൽ കലാവതരണവും സ്‌പെഷ്യൽ ഡിഷസും
ലീല ഹോട്ടലിൽ ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ കേരളീയ വേഷമണിഞ്ഞ സ്ത്രീകൾ കുറി വരച്ച് മാലയിട്ടാണ് ഇന്ത്യ, വിൻഡീസ് താരങ്ങളെ സ്വീകരിച്ചത്. എത്തിയ ഉടൻ താരങ്ങൾ ഉച്ചഭക്ഷണം കഴിക്കാനായി പോയി. തുടർന്ന് വിശ്രമം. വൈകിട്ട് ടീമംഗങ്ങൾ കടലും സൂര്യാസ്തമയവും ആസ്വദിച്ച് ഹോട്ടലിലെ ബീച്ച് വ്യൂ പോയിന്റിൽ ഇരുന്നു. കളിക്കാർക്കായി പ്രത്യേകം കഥകളി, കളരിപ്പയറ്റ് തുടങ്ങിയ കേരളീയ കലാപ്രകടനങ്ങളും, വിൻഡീസ് ടീമിനു വേണ്ടി സ്‌പെഷ്യൽ ഫ്യൂഷനും മ്യൂസിക്ക് ബാൻഡ് പെർഫോമൻസും ഒരുക്കിയിരുന്നു.
താരങ്ങളുടെയും ടീം ഒഫിഷ്യൽസിന്റെയും ക്രിക്കറ്റ് ബോർഡുകളുടെയും താത്പര്യത്തിനനുസരിച്ചുള്ള താമസ, ഭക്ഷണ, വിനോദ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഐ.സി.സിയുടെയും ബി.സി.സി.ഐയുടെയും സുരക്ഷാ നിർദ്ദേശമനുസരിച്ച് ഇരുടീമുകളും ഹോട്ടലിൽ വച്ച് പരസ്പരം കാണില്ല. പ്രത്യേക ബ്ലോക്കുകളിലാണ് താമസമൊരുക്കിയിട്ടുള്ളത്. ഇന്ത്യൻ ടീമിന് ബീച്ച് വ്യൂ സൈഡും, വിൻഡീസിന് ഗാർഡൻ വ്യൂ സൈഡും. ടീമുകൾക്കായി പ്രത്യേക ജിംനേഷ്യം, റസ്റ്റോറന്റ്, സ്വിമ്മിംഗ് പൂൾ, റിസപ്ഷൻ എന്നിങ്ങനെയാണ് ഒരുക്കിയിട്ടുള്ളത്.
റാവീസ് ഗ്രൂപ്പിന്റെ എക്സിക്യുട്ടീവ് ഷെഫ് സഞ്ജയിന്റെ നേതൃത്വത്തിൽ നാൽപ്പതോളം വിദഗ്ദ്ധ ഷെഫുമാരാണ് ഭക്ഷണമൊരുക്കുന്നത്.
കേരള രുചിയറിഞ്ഞ് താരങ്ങൾ
കടൽമത്സ്യങ്ങളും പ്രത്യേക ഇറച്ചി വിഭവങ്ങളുമാണ് ഇന്ത്യൻ ടീമിന് തയ്യാറാക്കിയത്. ഞണ്ട് വിഭവങ്ങൾ, ആവാടുതുറ ഞണ്ട് പെരട്ട് കറി, തനത് കേരള വിഭവങ്ങൾ തുടങ്ങി മെനുവിലെ പ്രത്യേക വിഭവങ്ങൾ താരങ്ങൾ ആസ്വദിച്ചു. വെസ്റ്റ് ഇൻഡീസ് ടീമിന് കടൽ വിഭവങ്ങളും, തനത് കേരള വിഭവങ്ങളും തേങ്ങ ഉപയോഗിച്ചുകൊണ്ടുള്ള വിഭവങ്ങളുമാണ് തയ്യാറാക്കിയിരുന്നത്. സ്‌പൈസി ഫുഡും വെസ്റ്റിൻഡീസിലെ തദ്ദേശീയ ഭക്ഷണവും ഇതിനൊപ്പം ഒരുക്കി. കേരളത്തിലെ തദ്ദേശീയ ഭക്ഷണം രുചിക്കാനും താരങ്ങളിൽ ചിലർ താത്പര്യം കാട്ടി. താരങ്ങൾ താത്പര്യപ്പെടുന്നതിനനുസരിച്ചുള്ള ഭക്ഷണം തയ്യാറാക്കി നൽകുമെന്നും ഹോട്ടൽ അധികൃതർ പറഞ്ഞു.
ഇന്ത്യൻ ടീമിന് പരിശീലനം, വിൻഡീസിന് ബീച്ച് വോളി
ഇന്ന് രാവിലെ 9 മുതൽ 12 വരെ ഇന്ത്യൻ ടീം സ്‌പോർട്സ് ഹബ്ബിൽ പരിശീലനത്തിനിറങ്ങും. വെയിലിന്റെ കാഠിന്യത്തിനനുസരിച്ച് പരിശീലന സമയം ക്രമീകരിക്കുമെന്ന് ടീമുമായി ബന്ധപ്പെട്ടവർ പറഞ്ഞു. വിൻഡീസ് ടീം പരിശീലനത്തിന് ഇറങ്ങില്ല. പകരം ബീച്ച് വോളിക്കായി സമയം ചെലവിടും. രാവിലെ 11 നും 3 നും ഇടയിൽ ലീല ഹോട്ടൽ ബീച്ചിലായിരിക്കും താരങ്ങൾ വോളിക്കായി ഇറങ്ങുക. ഇന്ത്യൻ ടീമംഗങ്ങൾ പരിശീലനത്തിനു ശേഷം ഹോട്ടലിൽ തന്നെ സമയം ചെലവിടും.
ടിക്കറ്റുകൾ ഇന്നും
3 കോടി 12 ലക്ഷം രൂപയുടെ ടിക്കറ്റുകൾ ഇതിനോടകം വിറ്റഴിഞ്ഞിട്ടുണ്ടെന്ന് കെ.സി.എ അറിയിച്ചു. പേടിഎം, ഇൻസൈഡർ എന്നീ ഓൺലൈൻ സൈറ്റുകൾക്ക് പുറമെ സംസ്ഥാനത്തെ 2700 അക്ഷയ ഇകേന്ദ്രങ്ങൾ വഴിയും ടിക്കറ്റ് ലഭിക്കും. പണം നൽകിയാൽ അക്ഷയ കേന്ദ്രങ്ങളിൽ നിന്നും ഓൺലൈൻ ടിക്കറ്റുകൾ ബുക്ക് ചെയ്ത് നൽകും. തിരുവനന്തപുരം ജില്ലയിലെ 234 അക്ഷയ കേന്ദ്രങ്ങൾ വഴിയും ടിക്കറ്റ് വിൽക്കും. 1000 (അപ്പർ ടിയർ), 2000( ലോവർ ടിയർ ചെയർ), 3000 (സ്‌പെഷ്യൽ ചെയർ) എിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാൻ ഡിജിറ്റൽടിക്കറ്റുകളോ, പ്രിന്റ് ഔട്ടുകളോ ഉപയോഗിക്കാം.