കാട്ടാക്കട : നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് ബേക്കറിയിലേക്ക് ഇടിച്ചു കയറി രണ്ട് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. പൂവച്ചൽ ഹരി ഭവനിൽ അഖിലേഷ് (31), പൂവച്ചൽ ശരത്ചന്ദ്രഭവനിൽ ശരത്ചന്ദ്രൻ (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെ കാട്ടാക്കട ഡിപ്പോയ്‌ക്ക് മുന്നിലാണ് സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നു കാട്ടാക്കട പ്ലാംമ്പഴിഞ്ഞിയിലേക്കുള്ള ബസ് കാട്ടാക്കട ഡിപ്പോയിൽ നിന്ന് പുറത്തേക്കിറങ്ങവേയാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട ബസ് ഡിപ്പോയ്‌ക്ക് മുന്നിലുള്ള ബേക്കറിയിലേക്ക് ഇടിച്ചു കയറി. ഈ സമയം റോഡിലൂടെ സഞ്ചരിച്ചിരുന്ന രണ്ട് ബൈക്ക് യാത്രികരെ ബസ് ഇടിച്ചിടുകയായിരുന്നു. ബസിന്റെ വരവ് കണ്ട് രണ്ട് കടയിലെ ജീവനക്കാരും വഴിയാത്രക്കാരും ഓടിമാറിയതിനാൽ ദുരന്തം ഒഴിവായി. സാധാരണ വൈകിട്ട് ഡിപ്പോയ്‌ക്ക് മുന്നിൽ തിരക്ക് പതിവാണ്. ഇന്നലെ തിരക്ക് കുറവായിരുന്നതും അപകടത്തിന്റെ വ്യാപ്തി കുറച്ചു.