തിരുവനന്തപുരം : കേരളത്തിന്റെ തലസ്ഥാനം ആദ്യമായി ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയായത് 1984 ഒക്ടോബർ ഒന്നിനാണ്. രഞ്ജി ട്രോഫി സുവർണ ജൂബിലി അനുബന്ധിച്ചുള്ള ഇന്ത്യ - ആസ്ട്രേലിയ പരമ്പരയിലെ രണ്ടാം ഏകദിന മത്സരം നടന്നത് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ്. എന്നാൽ ഈ മത്സരം കനത്ത മഴമൂലം ഉപേക്ഷിക്കേണ്ടിവന്നു. ആദ്യം ബാറ്റ് ചെയ്ത ഗാവസ്കറുടെ ഇന്ത്യ 37 ഓവറിൽ 175ന് ആൾ ഔട്ടായശേഷം ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയ 7.4 ഓവറിൽ 29/1 എന്ന നിലയിലായപ്പോഴാണ് മഴ കളി തടസപ്പെടുത്തിയത്. ഇതേ വർഷം ഇന്ത്യൻ പര്യടത്തിനെത്തിയ വെസ്റ്റ് ഇൻഡീസ് ടീം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ബോർഡ് പ്രസിഡന്റ് ഇലവനുമായി സന്നാഹമത്സരം കളിച്ചിരുന്നു.
നാലു കൊല്ലത്തിനുശേഷം ഇതേ വേദിയിൽ നടന്ന ഇന്ത്യ - വെസ്റ്റ് ഇൻഡീസ് മത്സരം തടസപ്പെടുത്താൻ പക്ഷേ മഴയ്ക്കും കഴിഞ്ഞില്ല. അന്ന് വിജയം കണ്ടത് വിൻഡീസും. കാര്യവട്ടത്തെ പുതിയ വേദിയിലാണ് 30 കൊല്ലത്തിനുശേഷം വിൻഡീസ് എത്തുന്നത്.
# ഇ്ത രണ്ടാം തവണയാണ് തിരുവനന്തപുരത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിനായി വെസ്റ്റ് ഇൻഡീസ് ടീം എത്തുന്നത്.
# 1988ൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് ആദ്യമായി ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഏകദിനം നടന്നത്.
# 1988 ജനുവരി 25 ന് നടന്ന ആ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ നയിച്ചെത്തിയത് സാക്ഷാൽ സർ വിവിയൻ റിച്ചാർഡ്സ്. ഇന്ത്യയുടെ നായകൻ ഇന്നത്തെ പരിശീലകൻ രവിശാസ്ത്രിയും.
# കെ. ശ്രീകാന്ത്, മുഹമ്മദ് അസ്ഹറുദ്ദീൻ, കിരൺ മോറെ, സഞ്ജയ് മഞ്‌രേക്കർ, മൊഹീന്ദർ അമർനാഥ്, കപിൽ ദേവ് തുടങ്ങിയവരൊക്കെ ഇന്ത്യൻ ടീമിലുണ്ടായിരുന്നു.
# വിൻഡീസ് ടീമിലാകട്ടെ ഗോൾഡൻ ഗ്രിനിഡ്ജ്, റീച്ചി റിച്ചാർഡ്സൺ, ഫിൽ സിമ്മോൺസ്, കാൾഹൂപ്പർ തുടങ്ങിയ സൂപ്പർ താരങ്ങളും.
# ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 45 ഓവറിൽ 239/8 എന്ന സ്കോർ ഉയർത്തി. ശ്രീകാന്ത് സെഞ്ച്വറി (101) നേടിയപ്പോൾ അമർനാഥ് (56) അർദ്ധ സെഞ്ച്വറി നേടി. അസറുദ്ദീൻ 36 റൺസും മഞ്ജിരേക്കർ 14 റൺസും നേടി. രവി ശാസ്ത്രി മൂന്ന് റൺസിനും കപിൽദേവ് ഒരു റൺസിനും പുറത്തായി.
# മറുപടിക്കിറങ്ങിയ വിൻഡീസിന് ജയിക്കാൻ 42.5 ഓവറേ വേണ്ടിവന്നുള്ളൂ. ഫിൽ സിമ്മോൺസിന്റെ സെഞ്ച്വറിയും (104), ഗോൾഡൻ ഗ്രീനിഡ്ജിന്റെ (84) അർദ്ധസെഞ്ച്വറിയുമാണ് വിൻഡീസിന് ജയം നൽകിയത്.
# വിൻഡീസും ഇന്ത്യയും തമ്മിലുള്ള ഏഴ് മത്സര പരമ്പരയിലെ അവസാന മത്സരമായിരുന്നു ഇത്. ഒൻപത് വിക്കറ്റിനായിരുന്നു വിൻഡീസ് ജയം.
# ഗ്രീനിഡ്ജിന്റെ വിക്കറ്റ് മാത്രമാണ് വിൻഡീസിന് നഷ്ടമായത്.
# ഫിൽ സിമ്മോൺസായിരുന്നു മാൻഒഫ് ദ മാച്ച്. വിവിയൻ റിച്ചാർഡ്സ് മാൻ ഒഫ് ദ സിരീസായി.
സൊളാരി റയൽ താത്കാലിക കോച്ച്
മാഡ്രിഡ് : പുറത്താക്കിയ യൂലെൻ ലൊപറ്റേ ഗുയിക്ക് പകരം സ്പാനിഷ് ഫുട്ബാൾ ക്ളബ് റയൽ മാഡ്രിഡ് സാന്റിയാഗോ സൊളാരിയെ താത്കാലിക പരിശീലകനായി നിയമിച്ചു. മുൻ റയൽ താരവും റിസർവ് ടീമിന്റെ പരിശീലകനുമാണ് സൊളാരി. മുൻ ചെൽസി കോച്ച് അന്റോണിയോ കോണ്ടേയുമായി കരാറിനുള്ള റയലിന്റെ ശ്രമം അവസാന ഘട്ടത്തിലാണ്.
ഇനിയുമെടുക്കാം ടിക്കറ്റ്
കാര്യവട്ടത്തെ കളി കാണാൻ ടിക്കറ്റെടുക്കാത്തവർക്ക് ഇനിയും അവസരം. 42000 ടിക്കറ്റുകളാണ് മത്സരത്തിനുള്ളത്. ഇതിൽ 25000 ത്തിൽ പുറത്ത് ടിക്കറ്റുകൾ മാത്രമാണ് ഇന്നലെ വൈകിട്ട് നാലുമണിവരെ വിറ്റഴിഞ്ഞത്. 3.15 കോടി രൂപയാണ് ടിക്കറ്റ് വില്പനയിലൂടെ ഇതുവരെ ലഭിച്ച വരുമാനം.
ഖലീലിന് താക്കീത്
പൂനെ : വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ഏകദിനത്തിൽ വിക്കറ്റ് നേട്ടം അമിതമായി ആഘോഷിച്ച ഇന്ത്യൻ പേസർ ഖലീൽ അഹമ്മദിനെ മാച്ച് റഫറി താക്കീത് ചെയ്തു. മർലോൺ സാമുവൽസിന്റെ വിക്കറ്റെടുത്ത ശേഷമായിരുന്നു ഖലീലിന്റെ അമിതാവേശം. മത്സരത്തിൽ 13 റൺസ് വഴങ്ങി ഖലീൽ മൂന്നു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.