തിരുവനന്തപുരം : കേരളത്തിന്റെ തലസ്ഥാനം ആദ്യമായി ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയായത് 1984 ഒക്ടോബർ ഒന്നിനാണ്. രഞ്ജി ട്രോഫി സുവർണ ജൂബിലി അനുബന്ധിച്ചുള്ള ഇന്ത്യ - ആസ്ട്രേലിയ പരമ്പരയിലെ രണ്ടാം ഏകദിന മത്സരം നടന്നത് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ്. എന്നാൽ ഈ മത്സരം കനത്ത മഴമൂലം ഉപേക്ഷിക്കേണ്ടിവന്നു. ആദ്യം ബാറ്റ് ചെയ്ത ഗാവസ്കറുടെ ഇന്ത്യ 37 ഓവറിൽ 175ന് ആൾ ഔട്ടായശേഷം ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയ 7.4 ഓവറിൽ 29/1 എന്ന നിലയിലായപ്പോഴാണ് മഴ കളി തടസപ്പെടുത്തിയത്. ഇതേ വർഷം ഇന്ത്യൻ പര്യടത്തിനെത്തിയ വെസ്റ്റ് ഇൻഡീസ് ടീം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ബോർഡ് പ്രസിഡന്റ് ഇലവനുമായി സന്നാഹമത്സരം കളിച്ചിരുന്നു.
നാലു കൊല്ലത്തിനുശേഷം ഇതേ വേദിയിൽ നടന്ന ഇന്ത്യ - വെസ്റ്റ് ഇൻഡീസ് മത്സരം തടസപ്പെടുത്താൻ പക്ഷേ മഴയ്ക്കും കഴിഞ്ഞില്ല. അന്ന് വിജയം കണ്ടത് വിൻഡീസും. കാര്യവട്ടത്തെ പുതിയ വേദിയിലാണ് 30 കൊല്ലത്തിനുശേഷം വിൻഡീസ് എത്തുന്നത്.
# ഇ്ത രണ്ടാം തവണയാണ് തിരുവനന്തപുരത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിനായി വെസ്റ്റ് ഇൻഡീസ് ടീം എത്തുന്നത്.
# 1988ൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് ആദ്യമായി ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഏകദിനം നടന്നത്.
# 1988 ജനുവരി 25 ന് നടന്ന ആ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ നയിച്ചെത്തിയത് സാക്ഷാൽ സർ വിവിയൻ റിച്ചാർഡ്സ്. ഇന്ത്യയുടെ നായകൻ ഇന്നത്തെ പരിശീലകൻ രവിശാസ്ത്രിയും.
# കെ. ശ്രീകാന്ത്, മുഹമ്മദ് അസ്ഹറുദ്ദീൻ, കിരൺ മോറെ, സഞ്ജയ് മഞ്‌രേക്കർ, മൊഹീന്ദർ അമർനാഥ്, കപിൽ ദേവ് തുടങ്ങിയവരൊക്കെ ഇന്ത്യൻ ടീമിലുണ്ടായിരുന്നു.
# വിൻഡീസ് ടീമിലാകട്ടെ ഗോൾഡൻ ഗ്രിനിഡ്ജ്, റീച്ചി റിച്ചാർഡ്സൺ, ഫിൽ സിമ്മോൺസ്, കാൾഹൂപ്പർ തുടങ്ങിയ സൂപ്പർ താരങ്ങളും.
# ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 45 ഓവറിൽ 239/8 എന്ന സ്കോർ ഉയർത്തി. ശ്രീകാന്ത് സെഞ്ച്വറി (101) നേടിയപ്പോൾ അമർനാഥ് (56) അർദ്ധ സെഞ്ച്വറി നേടി. അസറുദ്ദീൻ 36 റൺസും മഞ്ജിരേക്കർ 14 റൺസും നേടി. രവി ശാസ്ത്രി മൂന്ന് റൺസിനും കപിൽദേവ് ഒരു റൺസിനും പുറത്തായി.
# മറുപടിക്കിറങ്ങിയ വിൻഡീസിന് ജയിക്കാൻ 42.5 ഓവറേ വേണ്ടിവന്നുള്ളൂ. ഫിൽ സിമ്മോൺസിന്റെ സെഞ്ച്വറിയും (104), ഗോൾഡൻ ഗ്രീനിഡ്ജിന്റെ (84) അർദ്ധസെഞ്ച്വറിയുമാണ് വിൻഡീസിന് ജയം നൽകിയത്.
# വിൻഡീസും ഇന്ത്യയും തമ്മിലുള്ള ഏഴ് മത്സര പരമ്പരയിലെ അവസാന മത്സരമായിരുന്നു ഇത്. ഒൻപത് വിക്കറ്റിനായിരുന്നു വിൻഡീസ് ജയം.
# ഗ്രീനിഡ്ജിന്റെ വിക്കറ്റ് മാത്രമാണ് വിൻഡീസിന് നഷ്ടമായത്.
# ഫിൽ സിമ്മോൺസായിരുന്നു മാൻഒഫ് ദ മാച്ച്. വിവിയൻ റിച്ചാർഡ്സ് മാൻ ഒഫ് ദ സിരീസായി.
ഇനിയുമെടുക്കാം ടിക്കറ്റ്
കാര്യവട്ടത്തെ കളി കാണാൻ ടിക്കറ്റെടുക്കാത്തവർക്ക് ഇനിയും അവസരം. 42000 ടിക്കറ്റുകളാണ് മത്സരത്തിനുള്ളത്. ഇതിൽ 25000 ത്തിൽ പുറത്ത് ടിക്കറ്റുകൾ മാത്രമാണ് ഇന്നലെ വൈകിട്ട് നാലുമണിവരെ വിറ്റഴിഞ്ഞത്. 3.15 കോടി രൂപയാണ് ടിക്കറ്റ് വില്പനയിലൂടെ ഇതുവരെ ലഭിച്ച വരുമാനം.