fgh

തിരുവനന്തപുരം: കർഷകർക്ക് വായ്പയായി നൽകേണ്ട പണം ദുർവ്യയം ചെയ്തെന്ന് കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതിക്ക് രണ്ടുമാസത്തേക്ക് സസ്പെൻഷൻ. വിശദമായ അന്വേഷണത്തിനാണ് കോൺഗ്രസ് നേതാവ് സോളമൻ അലക്‌സിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ സസ്പെൻഡ് ചെയ്ത് സഹകരണ രജിസ്ട്രാർ ഉത്തരവായത്. ഓഡിറ്റ് നടത്തിയപ്പോഴാണ് ധൂർത്ത് കണ്ടെത്തിയത്. പാവപ്പെട്ട കർഷകർക്ക് വായ്പ കൊടുക്കുകയാണ് ബാങ്കിന്റെ ചുമതല. പക്ഷേ, പണം മറ്റുപല കാര്യങ്ങൾക്കും അമിതമായി ചെലവഴിക്കുകയായിരുന്നു. വൻതുക ശമ്പളത്തിനും മറ്റുമായി വിനിയോഗിക്കുമ്പോൾ കർഷകർക്ക് ചുരുങ്ങിയ പലിശയ്ക്ക് വായ്പ നൽകുക അസാദ്ധ്യമാകും. ഈ സ്ഥിതിക്ക് ബാങ്ക്ഭരണസമിതിയെ ഉടച്ചുവാർക്കാനും സർക്കാർ നീക്കമുണ്ടെന്നാണറിയുന്നത്.

ചുരുങ്ങിയ പലിശയ്ക്ക് കിട്ടുന്ന വായ്പ പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കുകളിലൂടെ യഥാർത്ഥ കർഷകന് നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ, കുറഞ്ഞ പലിശയ്ക്ക് എടുക്കുന്ന വായ്പ കർഷകർക്ക് കൈമാറാതെ മറ്റ് ബാങ്കുകളിൽ കൂടിയ പലിശയ്ക്ക് സ്ഥിരനിക്ഷേപം നടത്തുന്നു. ഗോൾഡ് ലോൺ തുടങ്ങിയ കാർഷികേതര വായ്പകൾക്ക് പണം നൽകാനാണ് താത്പര്യം കാട്ടിയത്. സർക്കാരിലേക്കുള്ള ഗ്യാരന്റി കമ്മിഷൻ, ഓഹരി തിരിച്ചടവ് എന്നിവയിലും മുടക്കം വരുത്തി. 100 കോടിയോളം സർക്കാരിലേക്ക് അടയ്ക്കാനുണ്ടെന്നാണ് സൂചന. കുടിശിക നിലനിൽക്കുമ്പോഴും ക്രമരഹിതമായി വസ്തുവകകൾ വാങ്ങിക്കൂട്ടാനും പൊതുയോഗങ്ങളിൽ വിലകൂടിയ സമ്മാനങ്ങൾ നൽകാനും പണം ചെലവഴിക്കുന്നു. നബാർഡ് പോലുള്ള ദേശീയ ഏജൻസികളിലൂടെയും, ഡിബഞ്ചറുകൾ വഴിയും പണം സമാഹരിക്കുന്ന ബാങ്കിന് സംസ്ഥാന സർക്കാർ 5800 കോടിയുടെ ഗ്യാരന്റി നൽകിയിട്ടുണ്ട്.

പണം പോകുന്ന വഴി

1.ജീവനക്കാർക്ക് 12 മാസത്തെ ജോലിക്ക് 14 മാസത്തെ ശമ്പളം

2.അധികമായി നൽകുന്ന ശമ്പളത്തിന് കൂട്ടുപലിശ

3.അധിക ശമ്പളമായി അടിസ്ഥാന ശമ്പളത്തിന് പകരം മൊത്തശമ്പളം

4.കഴിഞ്ഞ വർഷം മൊബൈൽ ഫോൺ സമ്മാനം നൽകിയതിന് ചെലവഴിച്ചത് 37 ലക്ഷം രൂപ

5. മൂന്നു വർഷത്തിനുള്ളിൽ സമ്മാനത്തിന് ചെലവഴിച്ചത് 75 ലക്ഷത്തോളം രൂപ

6. 204 ജീവനക്കാരുള്ളതിൽ 150 പേർക്കും ഒരു ലക്ഷം രൂപയിൽ കൂടുതൽ ശമ്പളം. ഇതിൽ അറ്റൻഡർ, ഡ്രൈവർ, ടൈപ്പിസ്റ്റ് തുടങ്ങിയവരും ഉൾപ്പെടും. 1.50 ലക്ഷത്തിനു മേൽ 31 പേർ ശമ്പളം വാങ്ങുന്നു.