sabarimala
ശബരിമല

തിരുവനന്തപുരം : ശബരിമല തീർത്ഥാടകർക്ക് മണ്ഡലകാലത്ത് ദർശനസമയവും യാത്രാസൗകര്യങ്ങളും മുൻകൂട്ടി ബുക്ക് ചെയ്യാൻ ഓൺലൈൻ സംവിധാനം (www.sabarimalaq.com) സജ്ജമായി. കാൽനടയായി പോകുന്നവർ ഒഴികെ നിലയ്‌ക്കലിൽ എത്തുന്ന തീർത്ഥാടകർക്ക് പമ്പയിലെത്താനുള്ള ബസ് ടിക്കറ്റും പൊലീസും കെ.എസ്.ആർ.ടി.സിയും ചേർന്നൊരുക്കിയ പോർട്ടലിൽ ലഭ്യമാണ്. www.keralartc.com വെബ്സൈറ്റിൽ നേരിട്ടും ടിക്കറ്റ് ബുക്ക് ചെയ്യാം.

മുൻ വർഷങ്ങളിൽ വെർച്വൽ ക്യൂ സംവിധാനം വഴി എത്തുന്ന തീർത്ഥാടകരെ മരക്കൂട്ടത്തു നിന്ന് ചന്ദ്രാനൻ റോഡ് വഴി സന്നിധാനം നടപ്പന്തലിൽ എത്തിച്ചിരുന്നു. ഇക്കൊല്ലം കുറച്ചു പേർക്കുമാത്രമേ ഈ സൗകര്യം അനുവദിക്കൂ. ഇതിനായി www.sabarimalaq.com ൽ തീർത്ഥാടകരുടെ പേര്, വയസ്, ഫോട്ടോ, വിലാസം, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നമ്പർ, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകണം. ലഭ്യതയ്‌ക്കനുസരിച്ച് ദർശന ദിവസവും സമയവും തിരഞ്ഞെടുക്കാം. ദർശനസമയവും തീയതിയും തീർത്ഥാടകന്റെ പേരും ഫോട്ടോയും മ​റ്റ് വിവരങ്ങളുമടങ്ങിയ ക്യൂ കൂപ്പൺ പ്രിന്റ് എടുക്കണം. ഈ ഇത് പമ്പയിലെ പൊലീസിന്റെ വെരിഫിക്കേഷൻ കൗണ്ടറിൽ നിന്ന് സീൽ പതിപ്പിക്കണം. കൂപ്പണിൽ രേഖപ്പെടുത്തിയിരിക്കുന്ന ദിവസം കൃത്യസമയത്ത് പമ്പയിലെത്തുന്ന തീർത്ഥാടകർക്കു മാത്രമേ ചന്ദ്രാനൻ റോഡ് വഴി പ്രവേശനം അനുവദിക്കൂ. ഈ സൗകര്യം ഉപയോഗിക്കുന്ന തീർത്ഥാടകർ നിലക്കൽ - പമ്പ കെ.എസ്.ആർ.ടി.സി ബസ് ടിക്ക​റ്റ് പ്രത്യേകം എടുക്കണം.

ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമേ അനുവദിക്കൂ. 48 മണിക്കൂറിനകം ദർശനം പൂർത്തിയാക്കി നിലയ്‌ക്കലിൽ തിരിച്ചെത്തണം. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം പമ്പയിൽ തീർത്ഥാടകരെ യാതൊരു കാരണവശാലും തങ്ങാൻ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു.