ആര്യനാട്: സ്വർണം ഉൾപ്പെടെ മൂന്ന് മെഡലുകൾനേടി ജക്കാർത്തയിലും ഉഴമലയ്ക്കൽ സ്വദേശി രജിത താരമായി. മാസ്റ്റേഴ്സ് ഇന്റർനാഷണൽ അത്‌ലറ്റിക് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഉഴമലയ്ക്കൽ കുളപ്പട സുവർണ നഗർ കലാഭവനിൽ ആർ.എം.രജിതയാണ് മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്.
4X100 മീറ്റർ റിലേയിൽ ഒന്നാം സ്ഥാനം.800 മീറ്റർ ഓട്ടത്തിൽ വെള്ളി, ട്രിംപിൽ ജംപിൽ വെങ്കലവുമാണ് നേടിയത്. മലേഷ്യ, ശ്രീലങ്ക, ഇന്ത്യനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായിരുന്നു രജിതയ്ക്ക് എതിരാളികൾ.സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായ രജിതയ്ക്ക് ജക്കാർത്തയിൽ പോകാൻ തലശേരി ബി.കെ 22 ക്രിക്കറ്റ് ക്ലബുമായി ചേർന്ന് ബീനീഷ് കോടിയേരിയാണ് സഹായമൊരുക്കിയത് .ഇതിനായി ഒരു ലക്ഷം രൂപ വീട്ടിലെത്തി ബിനീഷ് കൊടിയേരി നേരിട്ട് കൈമാറിയിരുന്നു.
ശ്രീലങ്കയിൽ നടന്ന 35–ാമത് എസ്.എൽ.ടി മെർക്കന്റയിൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ രണ്ട് വെള്ളി നേടിയിരുന്നു. 1500, 800 മീറ്റർ ഓട്ടത്തിലാണ് രജിതക്ക് മെഡൽ ലഭിച്ചത്. അന്നും ശ്രീലങ്കയിൽ പോകാൻ പണമില്ലാതെ പലരുടേയും സഹായത്താണ് രജിത മത്സരത്തിൽ പങ്കെടുത്തത്.മുൻപ് നടന്ന മാസ്റ്റേഴ്സ് അത്‌ലറ്റിക്ക് നാഷണൽ മീറ്റിൽ കേരളത്തെ പ്രതീനീധികരിച്ച് സ്വർണമുൾപ്പെടെ നിരവധി മെഡലുകൾ രജിത നേടിയിട്ടുണ്ട്. പണമില്ലാത്ത അവസ്ഥയാണെങ്കിലും ആത്മവിശ്വാസമാണ് ഈ കായികതാരത്തിന്റെ കൈമുതൽ.ജീവിതയാത്രയിൽ ഈ മെഡലുകൾ സഹായകമാകുമെന്ന വിശ്വാസത്തിലാണ് രജിത.